രാജ്യത്ത് കുഞ്ഞിനെ ദത്തെടുക്കാൻ കാത്തിരിക്കുന്നത് മുപ്പതിനായിരത്തിലധികം ദമ്പതിമാർ.. കണക്കുമായി കേന്ദ്രസർക്കാർ…

രാജ്യത്ത് കുഞ്ഞിനെ ദത്തെടുക്കാനായി കാത്തിരിക്കുന്നത് മുപ്പതിനായിരത്തിലധികം ദമ്പതിമാരുണ്ടെന്നാണ് കേന്ദ്രം ബുധനാഴ്ച രാജ്യസഭയില്‍ അറിയിച്ചത്. വനിത-ശിശുക്ഷേമ വകുപ്പ് കേന്ദ്ര സഹമന്ത്രി സാവിത്രി താക്കൂര്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്.

രാജ്യത്തിനകത്തുളള 32,856 ദമ്പതിമാരും രാജ്യത്തിന് പുറത്തുള്ള 859 ദമ്പതിമാരും ദത്തെടുക്കലിനായി കാത്തിരിക്കുന്നു. ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് സിസ്റ്റം (സിഎആര്‍ഐഎന്‍ജിഎസ്) പോര്‍ട്ടലിലെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു സാവിത്രി താക്കൂറിന്റെ മറുപടി.

ദത്തെടുക്കലിനായുള്ള അപേക്ഷ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനിലൂടെയാണ് സമര്‍പ്പിക്കേണ്ടത്. പോര്‍ട്ടലിലൂടെ നിയമവിരുദ്ധമായുള്ള ദത്തെടുക്കലുകള്‍ സാധ്യമല്ലെന്നും സാവിത്രി താക്കൂര്‍ രാജ്യസഭയില്‍ അറിയിച്ചു.

കുട്ടികളുടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് രാജ്യം സുപ്രധാന നാഴികകല്ല് പിന്നിട്ടതായി വനിത-ശിശുവികസന മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. 2024-25 സാമ്പത്തികവര്‍ഷത്തില്‍ 4,515 ദത്തെടുക്കലുകള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 3,950 എണ്ണം ആഭ്യന്തര ദത്തെടുക്കലുകളും 565 എണ്ണം അന്താരാഷ്ട്രതലത്തിലുള്ള ദത്തെടുക്കലുമാണ്. കഴിഞ്ഞ 12 വര്‍ഷത്തിനിടെയുളള ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button