‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി: ചെങ്ങന്നൂരിലെ ജീവനക്കാരനിൽ നിന്ന് 20.5 ലക്ഷം തട്ടി; മുഖ്യപ്രതികളിലൊരാൾ പിടിയിൽ

ആലപ്പുഴ: മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച്, ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന പേരിൽ ചെങ്ങന്നൂർ സ്വദേശിയായ സ്വകാര്യ കമ്പനി ജീവനക്കാരനിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിലായി. കർണാടകയിലെ മൈസൂർ സ്വദേശിനിയായ ചന്ദ്രിക (21) എന്ന യുവതിയെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് പിടികൂടിയത്.

നേഹ ശർമ്മ എന്ന വ്യാജപേരിലാണ് പ്രതികൾ പരാതിക്കാരനെ വാട്‌സ്ആപ്പ് കോൾ വഴി ആദ്യം ബന്ധപ്പെട്ടത്. പരാതിക്കാരന്റെ പേരിൽ ആരോ വ്യാജമായി മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ഉണ്ടാക്കി കോടികളുടെ തട്ടിപ്പ് നടത്തിയെന്നും, ഇതിനായി 25 ലക്ഷം രൂപ കൈപ്പറ്റിയതിന് മുംബൈ പൊലീസിന്റെ പക്കൽ തെളിവുകളുണ്ടെന്നും പറഞ്ഞ് ഇവർ ഇദ്ദേഹത്തെ വിശ്വസിപ്പിച്ചു. തുടർന്ന്, തങ്ങൾ അദ്ദേഹത്തെ ഡിജിറ്റലായി അറസ്റ്റ് ചെയ്യുകയാണെന്ന് ഭീഷണിപ്പെടുത്തി.

വിശ്വാസം ഉറപ്പിക്കാനായി, പരാതിക്കാരന്റെ പേരിലുള്ള വ്യാജ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും എ.ടി.എം. കാർഡ് ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി അയച്ചുനൽകി. തങ്ങൾക്കുവേണ്ടി ഉടൻ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും, പരിശോധനയ്ക്ക് ശേഷം അത് തിരികെ നൽകുമെന്നും ധരിപ്പിച്ചതിനെ തുടർന്ന് ഭയപ്പെട്ട പരാതിക്കാരൻ 20,50,800 രൂപ പ്രതികൾ നൽകിയ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു. പിന്നീട് പണം തിരികെ ലഭിക്കുന്നതിനായി ബന്ധപ്പെട്ടപ്പോൾ പ്രതികരിക്കാതിരുന്നതോടെയാണ് തട്ടിപ്പ് മനസ്സിലായത്.പരാതിയെ തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം. പി. മോഹനചന്ദ്രൻ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാർ പണം കൈപ്പറ്റാൻ ഉപയോഗിച്ച ഒരു ബാങ്ക് അക്കൗണ്ടിന്റെ ഉടമയായ ചന്ദ്രിക അറസ്റ്റിലായത്. ഇവർ 11.5 ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റി ഉപയോഗിച്ചതായി കണ്ടെത്തി.

Related Articles

Back to top button