നിലമ്പൂരിൽ ഇടതുപക്ഷവും വലതുപക്ഷവും നേരിട്ട് ഏറ്റുമുട്ടുന്നത് വർഷങ്ങൾക്ക് ശേഷം..ആദ്യ എംഎൽഎ സഖാവ് കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ട ശേഷം കോൺഗ്രസ് അടക്കി ഭരിച്ച മണ്ഡലം.. നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രം…
നിലമ്പൂരിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് ഇടതു വലതു പക്ഷ ചേരികൾ തമ്മിൽ ഒരു കനത്ത പോരാട്ടം തന്നെ ഉണ്ടാകുമെന്നതിൽ സംശയം വേണ്ട. വർഷങ്ങൾക്ക് ശേഷമാണ് നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ മുഖാമുഖ പോരാട്ടത്തിന് ഒരുങ്ങുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയുമായി ആയിരുന്നു വർഷങ്ങളായുള്ള കോൺഗ്രസിന്റെ പോരാട്ടം. മുൻ കോൺഗ്രസ് അംഗം ആയിരുന്ന പി വി അൻവർ എൽഡിഎഫിന്റെ സ്വതന്ത്രസ്ഥാനാർഥി ആയി ജയിച്ചതോടെയാണ് എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചത്. അതെ അൻവർ മുഖ്യമന്ത്രിക്കും എഡിൽഡിഫിനും എതിരെ യുദ്ധം പ്രഖ്യാപിച്ച് രാജി വച്ചതോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്തു. കഴിഞ്ഞ 60 വർഷത്തെ ചരിത്രത്തിൽ മൊത്തം 16 നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ മണ്ഡലത്തിൽ നടന്നിട്ടുള്ളത്. ഈ 16 എണ്ണത്തിൽ രണ്ടെണ്ണം ഉപതിരഞ്ഞെടുപ്പുകളാണ്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത് മണ്ഡലത്തിലെ മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പാണ്. കേരള ചരിത്രത്തിൽ ഇടം പിടിച്ച ആ ഉപതിരഞ്ഞെടുപ്പുകളെ കുറിച്ച് അറിയാം
നിലമ്പൂരിന്റെ ചരിത്രത്തിൽ വിസ്മരിക്കപ്പെടാത്ത രക്തസാക്ഷിയായണ് വെടിയേറ്റ് കൊല്ലപ്പെട്ട സഖാവ് കെ. കുഞ്ഞാലി. കേരളത്തിൽ വെടിയേറ്റ് മരിച്ച ഏക എംഎൽഎയും സഖാവ് കുഞ്ഞാലിയാണ്. ഏറനാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിടുകയും നിലമ്പൂരിന്റെ പ്രഥമ എം.എൽ.എ.യുമായിരുന്നു സഖാവ് കുഞ്ഞാലി എന്ന പേരിൽ അറിയപ്പെടുന്ന കെ. കുഞ്ഞാലി. കരിക്കാടൻ കുഞ്ഞിക്കമ്മദിന്റേയും അമ്പലൻ ആയിശുമ്മയുടേയും മകനായി 1924 ൽ കൊണ്ടോട്ടിയിലായിരുന്നു കുഞ്ഞാലിയുടെ ജനനം. 1961 മെയ് 16ന് എഴുത്തുകാരൻ കെ ടി മുഹമ്മദിന്റെ സഹോദരി സൈനബയെ വിവാഹം ചെയ്തു. രണ്ടുപ്രാവശ്യം സംസ്ഥാനനിയമസഭയിൽ നിലമ്പൂരിനെ പ്രതിനിധാനം ചെയ്തു. 1969 ജൂലൈ 26 ന് നിലമ്പൂരിലെ ഒരു എസ്റ്റേറ്റിൽ വച്ച് എതിരാളികളുടെ വെടിയേൽക്കുകയും ജൂലൈ 28 ന് കുഞ്ഞാലി മരണമടയുകയും ചെയ്തു. രണ്ട് തവണ കുഞ്ഞാലിയോട് തോറ്റ ആര്യാടൻ മുഹമ്മദായിരുന്നു കേസിലെ ഒന്നാം പ്രതി. എന്നാൽ ആര്യാടന് കേസിൽ പങ്കില്ലെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. കെ. കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് 1970-ൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടന്നു. ആറ് മാസം കഴിഞ്ഞ് നടന്ന ഉപതെരഞ്ഞടുപ്പ് ഫലം 1970 ഏപ്രിൽ 21 ന് പുറത്തുവന്നപ്പോൾ, കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച എം പി ഗംഗാധരൻ വിജയിച്ചു. സി പി എമ്മിലെ സി പി അബൂബക്കറിനെ തോൽപ്പിച്ചാണ് ഗംഗാധരൻ കന്നിയങ്കം ജയിച്ചത്. കുഞ്ഞാലിയെ വെടിവെച്ചു എന്ന് കരുതപ്പെടുന്ന ഗോപാലൻ എന്നയാളെ 1971 ഫെബ്രുവരി 12ന് സിപിഎം പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഇയാളെ പോലീസ് പ്രതിചേർത്തിരുന്നില്ല.
പിന്നീട് ഒരു ഉപതെരഞ്ഞെടുപ്പ് വരുന്നത് പത്ത് വർഷത്തിന് ശേഷം 1980 ലാണ്. 1970 ലെ ഉപതെരഞ്ഞെടുപ്പിൽ അതിന് മുന്നിൽ രണ്ട് തെരഞ്ഞടുപ്പുകളിലും മത്സരിച്ച ആര്യാടൻ മുഹമ്മദിനെ മാറ്റി എം പി ഗംഗാധരനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചതും സീറ്റ് പിടിച്ചെടുത്തതും. 1977ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ആര്യാടൻ ആദ്യമായി നിലമ്പൂരിൽ നിന്നും ജയിച്ചു. എന്നാൽ കോൺഗ്രസിലെ പിളർപ്പിന് ശേഷം 1980 ൽ നിലമ്പൂരിൽ നിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ടി കെ ഹംസയായിരുന്നു. കോൺഗ്രസിനെ ഇടതുമുന്നണിക്ക് വേണ്ടി എതിർത്തത് ആര്യാടനൊപ്പം കോൺഗ്രസിൽ നിന്നും വിട്ട് കോൺഗ്രസ് (യു) വിൽ ചേർന്ന സി ഹരിദാസ് ആയിരുന്നു. സി. ഹരിദാസിനായിരുന്നു ജയം.
ആദ്യമായി അധികാരത്തിലെത്തിയ ഇ കെ നായാനാർ മന്ത്രിസഭയിൽ കോൺഗ്രസ് യു വിന് ( കേരളത്തിലെ എ ഗ്രൂപ്പായി രൂപാന്തരപ്പെട്ടവിഭാഗം) മന്ത്രിസ്ഥാനം നൽകി. ആര്യാടൻ മുഹമ്മദ് അതിലൊരു മന്ത്രിയായി. ആര്യാടന് മത്സരിച്ച് എം എൽ എ ആകാൻ ഹരിദാസ് പത്ത് ദിവസത്തിനകം രാജിവച്ചു. ആ രാജിയിലൂടെ ഹരിദാസ് കേരള ചരിത്രത്തിൽ പ്രത്യേകത കൂടി നേടി. ഏറ്റവും കുറച്ചുകാലം എം എൽ എ ആയിരുന്ന വ്യക്തി എന്നതാണ് ആ പ്രത്യേകത. അതിന് പിന്നാലെ അദ്ദേഹം രാജ്യാസഭാംഗമായി.
ആര്യാടൻ 1980 ൽ പൊന്നാനി ലോകസഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചതിനാലാണ് നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്. ലോകസഭയിൽ തോറ്റ ആര്യാടനെയാണ് മന്ത്രിസഭയിലെടുത്തത്. ആര്യാടനെ തോൽപ്പിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയത് അന്നത്തെ യുവതുർക്കിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലുള്ള പരിവേഷത്തോടെ മത്സരിക്കാനെത്തിയ മുല്ലപ്പള്ളി പക്ഷേ, ആര്യാടനോട് തോൽക്കാനായിരുന്നു വിധി.
കുഞ്ഞാലിയോട് രണ്ട് തവണ തോൽക്കുകയും സിപി എമ്മിനോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു അതുവരെ ആര്യാടൻ മുഹമ്മദ്. സിപി എമ്മിനും തിരിച്ച് അങ്ങനെ തന്നെയായിരന്നു. കുഞ്ഞാലി വധക്കേസിൽ പ്രതിസ്ഥാനത്ത് വന്ന ആര്യാടനെതിരെ സി പി എം അതിശക്തമായ എതിർപ്പും ഉയർത്തിയിരുന്നു. ആ ആര്യാടൻ സി പി എം നേതൃത്വം നൽകുന്ന മുന്നണിയുടെ സ്ഥാനാർത്ഥിയായി അതേ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച കാഴ്ചയായിരുന്നു അന്നത്തേത്.
ആദ്യ രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്കിടയിൽ പത്ത് വർഷത്തെ ഇടവേളയായിരുന്നുവെങ്കിൽ മൂന്നാം ഉപതെരഞ്ഞെടുപ്പിൽ എത്തുമ്പോൾ അത്, ഏകദേശം 45 വർഷത്തിന് ശേഷമാണ്.
ഇങ്ങനെ, ചരിത്രത്തിൽ ഇടം പിടിച്ച പ്രത്യേകതകളുള്ള രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്കാണ് ഇതിന് മുൻപ് നിലമ്പൂർ സാക്ഷ്യം വഹിച്ചത്. രണ്ട് ഉപതെരഞ്ഞെടുപ്പിൽ ഒന്നിൽ യു ഡി എഫിനും ഒന്നിൽ എൽ ഡി എഫിനും അനുകൂലമായി വിധിയെഴുതിയതാണ് നിലമ്പൂരിന്റെ ചരിത്രം.
പിന്നീട് 1987 മുതൽ 2011 ലെ നിയമസഭാ കാലാവധി അവസാനിക്കുന്നത് വരെ ആര്യാടൻ മുഹമ്മദ് തന്നെയായിരുന്നു നിലമ്പൂരിന്റ പ്രതിനിധി. 2016 ൽ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ പരാജയപ്പെടുത്തി പി വി അൻവർ മണ്ഡലം പിടിച്ചു. 2021 ലും അൻവർ തന്നെ വിജയിച്ചു. ഇതിൽ കോൺഗ്രസിന്റെ പരാജയത്തിന് ചരട് വലിച്ചത് ആര്യാടൻ ഷൗക്കത്ത് തന്നെ ആണെന്നും പരോക്ഷ ആരോപണങ്ങൾ ഉയരുന്നുണ്ട്.
ജൂൺ 19ന് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. ജൂൺ 23നാണ് വോട്ടെണ്ണൽ. ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്താണ് കോൺഗ്രസിന്റെ സ്ഥാനാർഥി. എൽഡിഎഫിന്റെ പാർട്ടി ചിഹ്നത്തിൽ സെക്രട്ടറിയേറ്റ് അംഗമായ എം സ്വരാജ് മത്സരിക്കും.