ഏത് ഭാരതാംബ?..ഭാരതാംബ എന്ന ഔദ്യോഗിക ചിഹ്നം എവിടെയെങ്കിലും ഉണ്ടോ?..
രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇത് അപകടകരമായ സൂചനയാണെന്നും തെറ്റായ സമീപനമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കാവിവത്കരിക്കാനുള്ള ഭരണഘടനാ വിരുദ്ധമായ നീക്കങ്ങൾ നടക്കുന്നു. ഏത് ഭാരതാംബ? ഭാരതാംബ എന്ന ഔദ്യോഗിക ചിഹ്നം എവിടെയെങ്കിലും ഉണ്ടോ? എന്നും എംവി ഗോവിന്ദൻ ചോദിച്ചു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ നിന്ന് വിട്ടുനിന്ന മന്ത്രി പി പ്രസാദിനെ ഗോവിന്ദൻ മാഷ് അഭിനന്ദിച്ചു. അന്തസുറ്റ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. വർഗീയതയോട് വിട്ടുവീഴ്ചയില്ല. സർക്കാർ നിലപാട് വ്യക്തമാക്കിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഭാരത് മാതാവിന്റ ചിത്രത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്നാണ് രാജ് ഭവനിലെ പരിപാടി ഉപേക്ഷിച്ചത്. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്ന് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പരിപാടി സ്വന്തം നിലക്ക് നടത്താൻ തീരുമാനിക്കുകയായിരുന്നു രാജ് ഭവൻ.
ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്നുകൃഷി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. രാജ്ഭവൻ ആയിരുന്നു പരിപാടിയുടെ വേദി. മെയിൻ ഹാളിൽ വേദിയിൽ ഭാരത് മാതാവിന്റെ ചിത്രം ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വേദി സന്ദർശിക്കാൻ എത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിക്കാണ് പരിപാടി നിശയിച്ചിരുന്നത്. ഇത് കാരണം കാബിനറ്റ് 11 മണിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് രാവിലെ കൃഷി വകുപ്പിൽ നിന്ന് പരിപാടി റദ്ദാക്കികൊണ്ട് വിവരം അറിയിക്കുകയായിരുന്നു. പരിപാടി ദർബാർ ഹാളിലേക്ക് മാറ്റുകയും ചെയ്തു.
രാജ് ഭവനിൽ നിന്ന് ഒഴിവാക്കിയതിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടെന്നാണ് വിവരം. കൃഷിമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. തുടർന്നാണ് ദർബാർ ഹാളിലേക്ക് പരിപാടി മാറ്റിയത്. പരിപാടിയിൽ ചീഫ് സെക്രട്ടറിയും പങ്കെടുത്തു. ദർബാർ ഹാളിലെ പരിപാടിയിൽ പങ്കെടുക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.