വ്യാജ ഒപ്പിട്ടെന്ന് നിവിൻ, വഞ്ചിച്ചെന്ന് നിർമ്മാതാവ്; ‘ആക്ഷൻ ഹീറോ ബിജു 2’ തർക്കത്തിൽ ഒത്തുതീർപ്പിന് വഴിതുറന്ന് ഹൈക്കോടതി

നടൻ നിവിൻ പോളിയും നിർമ്മാതാവ് പി.എസ്. ഷംനാസും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന നിയമയുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. ഇരുവർക്കുമിടയിലുള്ള തർക്കങ്ങൾ മധ്യസ്ഥതയിലൂടെ (Mediation) പരിഹരിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ ഇരുവിഭാഗവും നൽകിയ പരാതികളിൽ പോലീസിന്റെ തുടർനടപടികൾക്ക് കോടതി താൽക്കാലിക വിലക്കേർപ്പെടുത്തി.

‘ആക്ഷൻ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉടലെടുത്തത്. സിനിമയുടെ ടൈറ്റിൽ അവകാശം സ്വന്തമാക്കുന്നതിനായി നിർമ്മാതാവ് ഷംനാസ് തന്റെ ഒപ്പ് വ്യാജമായി ചമച്ചു എന്ന് കാണിച്ച് നിവിൻ പോളി പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ നിവിൻ പോളിക്കെതിരെ സാമ്പത്തിക ആരോപണങ്ങളുമായി ഷംനാസും രംഗത്തെത്തി.

ഷംനസിന്റെ പരാതിപ്രകാരം, സിനിമയുടെ നിർമ്മാണത്തിനായി ബംഗ്ലാദേശിലും കൽക്കട്ടയിലുമായി 14 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് ഏകദേശം 2.90 കോടി രൂപ ചിലവഴിച്ചു. നിർമ്മാതാവിനെ അറിയിക്കാതെ ചിത്രത്തിന്റെ വിദേശ വിതരണാവകാശം നിവിൻ പോളിയുടെ കമ്പനി മറ്റൊരു സ്ഥാപനത്തിന് 5 കോടി രൂപയ്ക്ക് കൈമാറി. ഇതിൽ 2 കോടിയോളം രൂപ നിവിൻ പോളിയുടെ നിർമ്മാണ കമ്പനി മുൻകൂറായി കൈപ്പറ്റിയെന്നും ഷംനാസ് ആരോപിക്കുന്നു.

ഈ പരാതിയിൽ വൈക്കം കോടതിയുടെ നിർദ്ദേശപ്രകാരം തലയോലപ്പറമ്പ് പോലീസ് നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ കേസെടുത്തിരുന്നു.

തങ്ങൾക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിവിൻ പോളിയും സംഘവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി, കേസ് രമ്യമായി പരിഹരിക്കുന്നതിനായി ഹൈക്കോടതി മീഡിയേഷൻ സെന്ററിനെ ചുമതലപ്പെടുത്തി. ചർച്ചകൾ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കോടതി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button