കണ്ണീരോർമ്മയായി ശ്രീനന്ദ; പതിനഞ്ചുകാരിയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും, സംസ്‌കാരം 10.30-ന്

ചിക്കമഗളൂരുവിലെ വിനോദയാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും. രാവിലെ 9 മണിയോടെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം 10 മണി വരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് 10.30-ഓടെ സംസ്‌കാര ചടങ്ങുകൾ നടക്കും.
കഴിഞ്ഞ ദിവസം ചിക്കമഗളൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
ശ്രീനന്ദയ്ക്കായി പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് നടത്തിയിരുന്നു. ഇന്നലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 1500 അടി താഴ്ചയുള്ള മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്‌വാരത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. മരത്തിന് മുകളില്‍ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ശ്രീനന്ദയുടെ മരണത്തില്‍ കുടുംബം ആദ്യം തന്നെ ദുരൂഹത ആരോപിച്ചിരുന്നു. കുട്ടിയെ കാണാതായ പ്രദേശത്ത് നിന്നല്ല മൃതദേഹം കിട്ടിയതെന്നാണ് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍ ശശി കുമാര്‍ പറഞ്ഞത്. ആ സ്ഥലത്ത് രണ്ട് മൂന്ന് തവണ തിരച്ചില്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.



