ബുർഖ ധരിക്കാതെ പുറത്തിറങ്ങിയതിന്… ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് കുഴിച്ചുമൂടി യുവാവ്

ബുർഖ ധരിക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഷാംലി സ്വദേശിയായ ഫാറൂഖ് ആണ് ഈ കൊടുംക്രൂരത ചെയ്തത്. ഉത്തർപ്രദേശിലെ ഷാംലിയിൽ ഡിസംബർ 10-ന് നടന്ന സംഭവം ഒരാഴ്ചയ്ക്ക് ശേഷമാണ് പുറംലോകമറിയുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഫാറൂഖും ഭാര്യ താഹിറയും തമ്മിൽ നിരന്തരം കലഹങ്ങൾ പതിവായിരുന്നു. ഇടയ്ക്ക് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ താഹിറ, ബുർഖയോ നിഖാബോ ധരിക്കാതെയാണ് യാത്ര ചെയ്തതെന്നത് ഫാറൂഖിനെ പ്രകോപിപ്പിച്ചു. താഹിറ മടങ്ങിയെത്തിയപ്പോൾ ഇതിനെച്ചൊല്ലി വീണ്ടും തർക്കമുണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
ഭാര്യ താഹിറ, മക്കളായ ആഫ്രീൻ, സെഹ്‌റിൻ എന്നിവരാണ് ക്രൂരതയ്ക്ക് ഇരയായത്. താഹിറയെയും മൂത്ത മകൾ ആഫ്രീനെയും വെടിവെച്ചും, ഇളയ മകൾ സെഹ്‌റിനെ ശ്വാസം മുട്ടിച്ചുമാണ് ഫാറൂഖ് കൊലപ്പെടുത്തിയത്. വീട്ടുമുറ്റത്ത് ശൗചാലയ നിർമ്മാണത്തിനായി എടുത്ത കുഴിയിൽ മൂന്ന് മൃതദേഹങ്ങളും ഒന്നിച്ച് കുഴിച്ചുമൂടി. ഭാര്യയെയും മക്കളെയും കാണാതായതിൽ ദുരൂഹത തോന്നി ഫാറൂഖിന്റെ പിതാവ് തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ ഫാറൂഖ് കുറ്റം സമ്മതിച്ചു. പ്രതിയുടെ സാന്നിധ്യത്തിൽ വീടിന്റെ മുറ്റത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് നിയമനടപടികൾ ആരംഭിച്ചു.



