കോഴിക്കോട് ബീച്ചിൽ കുട്ടികളുടെ ഭിക്ഷാടനം; പ്രതിദിന വരുമാനം 10,000 വരെ, പിന്നിൽ..

കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടന മാഫിയ പിടിമുറുക്കുന്നു. മൂന്നും നാലും വയസ്സുമാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഒരു സംഘം ഇവിടെ സജീവമാണ്. ബീച്ചിലെത്തുന്ന സന്ദർശകരുടെ ശ്രദ്ധയാകർഷിച്ച്, ദയനീയമായ രൂപഭാവങ്ങളോടെ പണം യാചിക്കുന്ന കുട്ടികളുടെ കാഴ്ച ഇന്ന് ഇവിടത്തെ പതിവാണ്.

ഈ കുട്ടികളുടെ ഒരു ദിവസത്തെ ഭിക്ഷാടനത്തിലൂടെയുള്ള വരുമാനം 3,000 മുതൽ 10,000 രൂപ വരെയാണ്! ഭിക്ഷാടനത്തിന് പിന്നിൽ കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിക്കുന്ന ഒരു വലിയ ലോബിയോ മാഫിയയോ ഉണ്ടെന്നാണ് കണ്ടെത്തൽ.

ദിവസവും രാവിലെ ഏകദേശം 8 മണിയോടെ, ബീച്ചിലെ കോർപ്പറേഷൻ ഓഫീസിനടുത്ത് ഒരു ചെറിയ വാനിൽ നാടോടികളായ ആളുകളും അവരുടെ കുട്ടികളും എത്തിച്ചേരും.

ഇവർ വാഹനമിറങ്ങുന്ന സ്ഥലങ്ങളിൽത്തന്നെയാണ് മലമൂത്ര വിസർജ്ജനമടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നത്. ഇത് പരിസരമാകെ വൃത്തിഹീനമാക്കുന്നു. മുതിർന്നവർ കളിപ്പാട്ടങ്ങൾ വിൽക്കുമ്പോൾ, കുട്ടികളെ സംഘം ഭിക്ഷാടനത്തിനായി അയയ്ക്കുന്നു. അടുത്തുള്ള കടകളിലേക്കും റെസ്റ്റോറന്റുകളിലേക്കും പോകുന്ന ആളുകളെ ഈ കുട്ടികൾ പിന്തുടർന്ന് ശല്യപ്പെടുത്തും. കൈകളിൽ പിടിച്ച് വലിക്കുകയും ചെയ്യും. വിശക്കുന്നുവെന്ന് ആംഗ്യം കാണിച്ചും ദയനീയമായ നോട്ടത്തിലൂടെയും ഇവർ പണം ചോദിക്കും. കുഞ്ഞുങ്ങളുടെ വിശപ്പുമോർത്ത് ധാരാളം പേർ പണം നൽകുന്നുണ്ട്. ഭിക്ഷയായി ലഭിക്കുന്ന ചില്ലറകൾ സമീപത്തെ ഹോട്ടലുകളിൽ നൽകി നോട്ടുകളാക്കി മാറ്റുന്ന രീതിയും നിലവിലുണ്ട്. ലിംഗഭേദമില്ലാതെ എല്ലാ കുട്ടികളെയും ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നു. കേവലം യാചന മാത്രമല്ല, ഭിക്ഷാടനത്തിന്റെ എല്ലാ അടവുകളും ഇവർ പയറ്റുന്നുണ്ട്. ആളുകളെ പിന്തുടർന്ന് ശല്യപ്പെടുത്തുക, കാറുകളിൽ കയറി ശല്യമുണ്ടാക്കുക, റെസ്റ്റോറന്റുകളിലെ തീൻമേശകളിൽ കൈയിട്ട് വാരി ഉപദ്രവിക്കുക തുടങ്ങി അതിക്രമങ്ങളും ഇവർ നടത്തുന്നു. എന്നാൽ, പറക്കമുറ്റാത്ത ഈ കുരുന്നുകളല്ല യഥാർത്ഥത്തിൽ ഇതിന് ഉത്തരവാദികൾ. ഇവരെ ഉപയോഗിച്ച് ലക്ഷങ്ങൾ കൊയ്യുന്ന വലിയ സംഘങ്ങളാണ് ഇതിന് പിന്നിൽ.

Related Articles

Back to top button