തദ്ദേശ തിരഞ്ഞെടുപ്പ്; പ്രാദേശികമായി കോൺഗ്രസിനോടൊപ്പം പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രാദേശിക കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പി.വി. അൻവർ അറിയിച്ചു. കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം ലഭിച്ചില്ലെങ്കിലും, പ്രാദേശിക തലത്തിൽ സഹകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഗോള അയ്യപ്പസംഗമം നടത്തിയതിൽ സംസ്ഥാന സർക്കാരിനെതിരെ പി.വി. അൻവർ രൂക്ഷമായ വിമർശനം ഉന്നയിച്ചു. മതേതരത്വവും തൊഴിലാളിപക്ഷ സമീപനവും ഉപേക്ഷിച്ച്, യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയം പിന്തുടർന്ന് മൂന്നാം തവണയും അധികാരത്തിലെത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷ സമൂഹത്തെ ഒപ്പം നിർത്താൻ ഏത് മോശം പ്രവർത്തിയും ചെയ്യാൻ സർക്കാർ തയ്യാറാണ്. യഥാർത്ഥ വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും, നിവൃത്തികേട് കൊണ്ടാണ് ചിലർ പങ്കെടുത്തതെന്നും അൻവർ പറഞ്ഞു.

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും അൻവർ വിമർശനം ഉന്നയിച്ചു. കേരള സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത പ്രസ്താവനകളാണ് വെള്ളാപ്പള്ളി തുടർച്ചയായി നടത്തുന്നതെന്നും, 35 വർഷം ഒരു പ്രസ്ഥാനത്തെ നയിച്ചിട്ടും ഒന്നും നേടാനായില്ലെന്ന് പറയുന്നത് വെള്ളാപ്പള്ളിയുടെ കഴിവുകേടാണെന്നും അദ്ദേഹം പരിഹസിച്ചു. മൂന്ന് വർഷം മുൻപുള്ള സി.പി.എം. ആയിരുന്നെങ്കിൽ യോഗി ആദിത്യനാഥ് അയച്ച കത്ത് പൂഴ്ത്തിവെക്കുമായിരുന്നു. അധികാരത്തിനായി വർഗീയത കളിക്കുന്നവർക്ക് തിരിച്ചടി നേരിടുമെന്നും, ഇത് മുഖ്യമന്ത്രി ഓർക്കുന്നത് നന്നായിരിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.

ആഗോള അയ്യപ്പസംഗമത്തിലേക്ക് യോഗി ആദിത്യനാഥിനെ മാത്രം ക്ഷണിച്ചത് വർഗീയ രാഷ്ട്രീയം ലക്ഷ്യമിട്ടാണെന്നും, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്നും പി.വി. അൻവർ ചോദിച്ചു. സി.പി.എം. ഇപ്പോൾ വർഗീയ കാർഡിറക്കി കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Back to top button