കെഎസ്ആർടിസിയുടെ പുത്തൻ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു… സംഭവം ബെംഗളൂരുവിൽ നിന്നുള്ള ഡെലിവറിക്കിടെ….
പുതിയ നിറത്തിലും രൂപകൽപ്പനയിലുമുള്ള കേരള കെഎസ്ആർടിസിയുടെ (KSRTC) എസി സ്ലീപ്പർ ബസ് ഡെലിവറിക്കിടെ അപകടത്തിൽപ്പെട്ടു. ത്രിവർണ്ണ പതാകയുടെ നിറവും മനോഹരമായ കഥകളി ഗ്രാഫിക്സുമുള്ള ഈ ബസ്, ബെംഗളൂരുവിലെ പ്രകാശ് ബോഡി വർക്ക്ഷോപ്പിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
തമിഴ്നാട്ടിലെ ഹൊസൂറിന് സമീപത്തുവെച്ചാണ് അപകടം നടന്നത്. മുന്നിൽ പോവുകയായിരുന്ന ലോറിയിൽ ബസ് ഇടിച്ചുകയറുകയായിരുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്ത ലോറിയിൽ പിന്നാലെ വന്ന ബസ് ഇടിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഈ അപകടത്തിന് തൊട്ടുപിന്നാലെ ഈ ബസിന് പിന്നിലായി വന്ന മറ്റൊരു ലോറിയും ഇടിച്ചതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ ബസിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കെഎസ്ആർടിസിക്ക് വേണ്ടി വാങ്ങിയ 143 പുതിയ ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. അശോക് ലെയ്‌ലാന്‍ഡിന്റെ 13.5 മീറ്റര്‍ നീളമുള്ള ഗരുഡ് ഷാസിയിൽ പ്രകാശിന്റെ ക്യാപെല്ല ബോഡി ഉപയോഗിച്ചാണ് ഈ സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ ബസുകൾ നിർമ്മിച്ചിരിക്കുന്നത്.
ടാറ്റ, അശോക് ലെയ്‌ലാന്‍ഡ്, ഐഷര്‍, വോൾവോ തുടങ്ങിയ വിവിധ വാഹന നിർമാതാക്കളുടെ ബസുകളാണ് പുതിയതായി കെഎസ്ആർടിസി ഫ്ലീറ്റിലേക്ക് എത്തുന്നത്.
ഫാസ്റ്റ് പാസഞ്ചർ , സൂപ്പർഫാസ്റ്റ് സർവീസുകൾക്കായി ടാറ്റയുടെ ബസുകൾ നേരത്തെ എത്തിയിരുന്നു. ഫാസ്റ്റ് പാസഞ്ചർ ലിങ്ക് സർവീസിനായി അശോക് ലെയ്‌ലാന്റിന്റെ 10.5 മീറ്റർ ഷാസിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഓർഡിനറി സർവീസിനായി ഐഷറിന്റെ 8.5 മീറ്റർ ഷാസിയിലുള്ള ബസുകളും എത്തിയിട്ടുണ്ട്.
കൂടാതെ, അന്തർ സംസ്ഥാന സർവീസുകൾക്കായി വോൾവോയുടെ ആഡംബര മൾട്ടി ആക്‌സിൽ 9600 സീറ്റർ മോഡലും കെഎസ്ആർടിസി സ്വന്തമാക്കിയിട്ടുണ്ട്. പുതിയ ബസുകൾ കെഎസ്ആർടിസിയുടെ വിവിധതരം സർവീസുകളായ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പർഫാസ്റ്റ്, പ്രീമിയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, ഓർഡിനറി എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.