കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ സംഭവം; മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെടെ മൂന്നുപേരെ ഒഴിവാക്കി കുറ്റപത്രം

കെഎസ്ആർടിസി ഡ്രൈവർ നേമം സ്വദേശി യദുവിനെ മർദ്ദിച്ചു എന്ന് ആരോപിച്ച കേസിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ കെ.എം. അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നിലവിൽ കെ.എം. അരവിന്ദ് മാത്രമാണ് കേസിൽ പ്രതിയായിട്ടുള്ളത്.
യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് ഈ കേസ് രജിസ്റ്റർ ചെയ്തത്. മേയറെ കേസിൽ വീണ്ടും പ്രതി ചേർക്കണം എന്നാവശ്യപ്പെട്ട് യദു കോടതിയിൽ പുനഃപരിശോധനാ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
2024 ഏപ്രിൽ 27-ന് രാത്രി പാളയം ജംഗ്ഷനിൽ വെച്ച് മേയർ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച സ്വകാര്യ കാർ ഉപയോഗിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞു എന്നും, തുടർന്ന് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായി എന്നുമാണ് കേസിന് ആധാരം. ഹർജിക്കാരനുവേണ്ടി അഭിഭാഷകൻ അശോക്. പി. നായരാണ് ഹാജരായത്.



