സർവ്വീസ് മുടങ്ങാതിരിക്കാൻ പകരം ബസ് വിട്ടു.. ഫാസ്ടാഗ് ഇല്ലാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി. ബസ് ടോൾ പ്ലാസയിൽ തടഞ്ഞിട്ട് ജീവനക്കാർ…
ഫാസ്ടാഗില്ലാത്തതിൻ്റെ പേരിൽ, സർവ്വീസ് മുടങ്ങാതിരിക്കാനായി പകരം ഓടിച്ച കെ.എസ്.ആർ.ടി.സി. ബസ് കണ്ടെയ്‌നർ ടെർമിനൽ റോഡിലെ പൊന്നാരിമംഗലം ടോൾ പ്ലാസയിൽ ജീവനക്കാർ തടഞ്ഞിട്ടു. വെള്ളിയാഴ്ച രാവിലെ ഒൻപതേകാലോടെ ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് ഏകദേശം അര മണിക്കൂറോളം ടോൾ പ്ലാസയിൽ കുടുങ്ങിയത്.
വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളിലും കൃത്യസമയത്ത് എത്തേണ്ട യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ഫാസ്ടാഗ് ഇല്ലാത്തതിനാൽ ബസിനെ കടത്തിവിടില്ലെന്ന ടോൾ പ്ലാസ ജീവനക്കാരുടെ ഉറച്ച നിലപാട് കാരണം യാത്രക്കാർ വഴിയിൽ കുടുങ്ങി. കണ്ടക്ടറും ഡ്രൈവറും പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമില്ലാതെ വന്നതോടെ, സമയനഷ്ടം നേരിട്ട യാത്രക്കാർ ബഹളം വെച്ചു. ഇതോടെ, പിന്നാലെ വന്ന മറ്റൊരു കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരെ കയറ്റിവിട്ടാണ് താത്കാലികമായി പ്രശ്നം പരിഹരിച്ചത്.
ഗുരുവായൂർ ഡിപ്പോയിലെ ഈ ബസ്, സ്ഥിരമായി ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിന് അടിയന്തരമായി അറ്റകുറ്റപ്പണികൾക്കായി വർക്ക്‌ഷോപ്പിൽ കയറ്റേണ്ടി വന്നതിനാലാണ് പകരം വിട്ടതെന്ന് ഗുരുവായൂർ ഡിപ്പോ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ (എ.ടി.ഒ.) ടി.കെ. സന്തോഷ് വ്യക്തമാക്കി. പകരം ഓടിച്ച ഈ ബസിന് ഫാസ്ടാഗ് സൗകര്യം ഉണ്ടായിരുന്നില്ല.
സ്ഥിരമായി ഓടുന്ന ബസിൻ്റെ ഫാസ്ടാഗ് കോഡ് ഉപയോഗിച്ച് കടന്നുപോകാൻ കെ.എസ്.ആർ.ടി.സി. ജീവനക്കാർ ശ്രമിച്ചെങ്കിലും ടോൾ പ്ലാസ ജീവനക്കാർ അനുവദിച്ചില്ല. മുൻപ് ഈ രീതിയിൽ കടന്നുപോകാൻ അനുമതി ലഭിച്ചിരുന്നുവെന്നും കെ.എസ്.ആർ.ടി.സി. ജീവനക്കാർ പറയുന്നു. ടോൾ പ്ലാസയിൽ പിടിച്ചിട്ട ബസ് പിന്നീട് ഗുരുവായൂരിലേക്ക് തന്നെ മടങ്ങി.
കെ.എസ്.ആർ.ടി.സി. ബസുകളുടെ ഫാസ്ടാഗ് സാധാരണയായി എല്ലാ മാസവും പണമടച്ച് റീച്ചാർജ് ചെയ്യുകയാണ് പതിവ്. ഇതിനായുള്ള വാഹനങ്ങളുടെ പട്ടിക ഹെഡ് ഓഫീസിലേക്ക് അയക്കുകയും അവിടെനിന്ന് ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് റീച്ചാർജ് ചെയ്യുകയുമാണ് ചെയ്യുന്നത്.