വിജിലിന്റെ കൊലപാതകം.. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനു പിന്നാലെ രണ്ടാം പ്രതി…
കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ കെ.ടി. വിജിലിനെ സരോവരം തണ്ണീർത്തടത്തിൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ രണ്ടാമത്തെ പ്രതി പിടിയിലായി. കോഴിക്കോട് പെരിങ്ങളം സ്വദേശിയായ രഞ്ജിത്തിനെയാണ് പോലീസ് ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കെ.കെ. നിഖിൽ, ദീപേഷ് എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ നിർണായക വഴിത്തിരിവായത് വെള്ളിയാഴ്ച സരോവരം ചതുപ്പിൽ നടത്തിയ തിരച്ചിലിൽ വിജിലിന്റെതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ്. വാഴാത്തിരുത്തിക്ക് സമീപമുള്ള ചതുപ്പിൽ എട്ടാം ദിവസവും നടത്തിയ തിരച്ചിലിനൊടുവിലാണ് തലയോട്ടിയൊഴികെ 53 അസ്ഥികൾ അടക്കമുള്ള അവശിഷ്ടങ്ങൾ ലഭിച്ചത്. മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കല്ലുകളും കയറുകളും, മരിച്ച സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഭാഗങ്ങളും പോലീസ് കണ്ടെത്തി.
ലഭിച്ച അസ്ഥികൾ വിജിലിന്റേതാണെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കും വിധേയമാക്കും. ഇതിനായി അവശിഷ്ടങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
2019 മാർച്ച് 24-ന് അമിതമായി ബ്രൗൺ ഷുഗർ കുത്തിവെച്ചതാണ് വിജിലിന്റെ മരണകാരണമെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി. സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ സരോവരത്തെ വിജനമായ സ്ഥലത്തെത്തിയ വിജിൽ അടക്കം നാലുപേരും ലഹരി ഉപയോഗിക്കുകയായിരുന്നു. ഈ സമയം വിജിൽ അമിത അളവിൽ ബ്രൗൺ ഷുഗർ ഉപയോഗിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായി. ഏറെ നേരം കഴിഞ്ഞിട്ടും ഉണരാത്തതിനെ തുടർന്ന് കൂട്ടുകാർ വിജിലിനെ അവിടെ ഉപേക്ഷിച്ച് പോയി. രാത്രി തിരികെ എത്തിയപ്പോൾ വിജിൽ മരിച്ചെന്ന് ഉറപ്പിച്ചതോടെ, മൃതദേഹം കുറ്റിക്കാട്ടിലേക്ക് മാറ്റി.
പിന്നീട്, തെളിവുകൾ നശിപ്പിക്കുന്നതിനായി വിജിലിന്റെ ബൈക്കും മൊബൈലും കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിൽ കൊണ്ടുപോയി വെച്ചു. ഇതിനുശേഷം, മൃതദേഹം കല്ലുകെട്ടി ചതുപ്പിലെ വെള്ളത്തിൽ താഴ്ത്തി. ദിവസങ്ങൾക്ക് ശേഷം മൃതദേഹത്തിന്റെ തലഭാഗം വെള്ളത്തിന് മുകളിലേക്ക് ഉയർന്നത് കണ്ട്, പ്രതികൾ കൂടുതൽ ഭാരമുള്ള കല്ലുകൾ വെച്ച് പൂർണ്ണമായും മുക്കിയെന്നും മൊഴിയിൽ പറയുന്നു. എട്ട് മാസത്തിന് ശേഷം അസ്ഥികൾ പുറത്തെടുത്ത് മരണാനന്തര ചടങ്ങുകൾ നടത്തിയെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.