കോട്ടയം നഴ്‌സിങ് കോളേജിലെ റാഗിങ്…ആദ്യമായി പരാതി വന്നത് ഇന്നലെ…അധ്യാപകരും രക്ഷിതാക്കളും ഒന്നും അറിഞ്ഞിരുന്നില്ലെന്നും പ്രിന്‍സിപ്പൽ…
ഗവണ്‍മെന്റ് നഴ്‌സിങ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികൾ റാഗിങ്ങിനിരയായ സംഭവത്തിൽ പ്രതികരിച്ച് പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ലിനി ജോസഫ്. കുട്ടികള്‍ പരാതി നല്‍കിയിരുന്നില്ലെന്നും ആദ്യമായി പരാതി വന്നത് ഇന്നലെയാണെന്നും പ്രിന്‍സിപ്പൽ പറഞ്ഞു. ഹോസ്റ്റലില്‍ ചുമതലയുണ്ടായിരുന്ന അധ്യാപകരോടും രക്ഷിതാക്കളോടും വിദ്യാര്‍ഥികള്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല. ഇരയായ കുട്ടികള്‍ക്ക് നിലവില്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിവരമെന്നും അവര്‍ വ്യക്തമാക്കി.
പരാതി കിട്ടിയ ഉടന്‍ തന്നെ കോളേജില്‍ നടപടി തുടങ്ങിട്ടുണ്ട്. അന്വേഷണത്തില്‍ കുറ്റംചെയ്തു എന്ന് കണ്ടെത്തിയപ്പോള്‍ പോലീസിന് പരാതി കൈമാറിയിരുന്നു. മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റിനേയും കോളേജ് വിവരം അറിയിച്ചു. കോളേജില്‍ റാഗിങ് നിരോധന ബോധവത്കരണം നടത്തിയിരുന്നുവെന്നും പ്രിന്‍സിപ്പൽ കൂട്ടിച്ചേര്‍ത്തു.
മൂന്നാംവര്‍ഷ ജനറല്‍ നഴ്സിങ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ കഴിഞ്ഞ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിനിരയാക്കിയത്. കഴിഞ്ഞ നവംബര്‍ 16-ാം തീയതി പ്രതികള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയില്‍നിന്ന് 300 രൂപ ഗൂഗിള്‍ പേ വഴിയും 500 രൂപ നേരിട്ടും ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു. ഇതിനുശേഷം ഒന്നാംവര്‍ഷവിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ മുറിയില്‍ ഇരിക്കുന്നതിനിടെ പ്രതികള്‍ ഇവിടേക്കെത്തുകയും ‘സീനിയേഴ്സിനെ ബഹുമാനമില്ല’ എന്നുപറഞ്ഞ് വിദ്യാര്‍ഥികളിലൊരാളുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.