ഇഡി നോട്ടീസ് സ്വാഭാവിക നടപടി മാത്രം; തെറ്റായ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സാബു എം. ജേക്കബ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച നോട്ടീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കിറ്റെക്സ് ഗ്രൂപ്പ് എം.ഡി സാബു എം. ജേക്കബ്. ഇത്തരം വ്യാജവാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ അറിയിച്ചു.

കേന്ദ്ര സർക്കാർ വിദേശവിനിമയ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആയിരത്തിലധികം കയറ്റുമതിക്കാർക്ക് നൽകിയ സാധാരണ നോട്ടീസ് മാത്രമാണിതെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ നടപടിയെ തെറ്റായി വ്യാഖ്യാനിച്ച് തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശ വ്യാപാരത്തിൽ ചെറിയ തുകയുടെ വിനിമയ വ്യത്യാസം വന്നാൽ പോലും റിസർവ് ബാങ്ക് പിഴ ഈടാക്കാറുണ്ട്. ഇതിന്റെ പേരിൽ അറസ്റ്റോ തടവോ സാധ്യമല്ല. കേരളത്തിലെ നൂറോളം കയറ്റുമതിക്കാർക്ക് സമാനമായ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ എല്ലാ വിദേശ ഇടപാടുകളും നിയമപരമാണ്. കള്ളരേഖകൾ ഉപയോഗിച്ച് ഒന്നും ചെയ്തിട്ടില്ല. ജിഎസ്ടി, ഇൻകം ടാക്സ് ഓഡിറ്റുകൾ പോലെ വിവരങ്ങൾ കൈമാറുന്ന ഒരു സാധാരണ നടപടി മാത്രമാണിത്. വാർത്തകൾക്കായി ഇഡി ഉദ്യോഗസ്ഥർ വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെങ്കിൽ അവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കും.

താൻ ഒരു ഡോളറിന്റെയെങ്കിലും നിയമലംഘനം നടത്തിയെന്ന് തെളിയിച്ചാൽ കമ്പനി വിട്ടുനൽകാൻ തയ്യാറാണ്. എന്നാൽ വാർത്ത തെറ്റാണെന്ന് തെളിഞ്ഞാൽ ചാനൽ പൂട്ടാൻ ഉടമകൾ തയ്യാറാണോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. വ്യാജവാർത്ത നൽകിയ ചാനലിനെതിരെ നാളെത്തന്നെ നിയമനടപടി ആരംഭിക്കുമെന്നും ടെലികാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മാസങ്ങളിൽ കിറ്റെക്സിലെ സി.എഫ്.ഒ ഇഡി ഓഫീസിൽ പോയത് ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാനാണെന്നും, ഇതിന് അഭിഭാഷകരുടെയോ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെയോ സഹായം പോലും ആവശ്യമില്ലാത്ത ലളിതമായ നടപടിയാണെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.

Related Articles

Back to top button