ഇന്ത്യയിലാദ്യമായി ‘സംസ്ഥാന സൂക്ഷ്മാണു’വിനെ പ്രഖ്യാപിക്കാൻ കേരളം; ജനുവരി 23-ന് മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സ്വന്തമായി ഒരു സംസ്ഥാന സൂക്ഷ്മാണുവിനെ (State Microbe) പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. 2026 ജനുവരി 23-ന് തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്രയിലെ സെന്റർ ഫോർ എക്‌സലൻസ് ഇൻ മൈക്രോബയോമിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.
മൈക്രോബയോം മേഖലയിലെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങളിൽ ശാസ്ത്രാവബോധം വളർത്തുകയുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സൂക്ഷ്മാണുക്കൾ കേവലം രോഗകാരികളല്ലെന്നും കൃഷി, ആരോഗ്യം, പരിസ്ഥിതി എന്നിവയിൽ അവ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുക. ലൈഫ് സയൻസ് രംഗത്തേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുകയും നൂതന പഠനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുക. കൃഷിയിലും മറ്റും രാസവസ്തുക്കളുടെ ഉപയോഗം കുറച്ച് പ്രകൃതിദത്തമായ മാർഗങ്ങൾ അവലംബിക്കാൻ സൂക്ഷ്മാണുക്കളെ ഉപയോഗിക്കുക.
സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ ഡോ. സാബു തോമസ് മുന്നോട്ടുവെച്ച ഈ ആശയത്തിന് സർക്കാർ അംഗീകാരം നൽകുകയായിരുന്നു. ശാസ്ത്രജ്ഞരും വിദഗ്ധരും അടങ്ങുന്ന സമിതിയാണ് സംസ്ഥാന സൂക്ഷ്മാണുവിനെ തിരഞ്ഞെടുത്തത്.
കേരളത്തിൽ നിന്ന് തന്നെ കണ്ടെത്തിയതാകണം. മനുഷ്യർക്കോ മൃഗങ്ങൾക്കോ ഹാനികരമാകരുത് (GRAS പദവി ഉള്ളവ). സാമ്പത്തികമായും പ്രായോഗികമായും ഉപകാരപ്രദമായ ബാക്ടീരിയ ആയിരിക്കണം.
2013-ൽ ഇന്ത്യ ‘ലാക്ടോബാസില്ലസ് ഡെൽബ്രൂക്കി’ എന്ന ബാക്ടീരിയയെ ദേശീയ സൂക്ഷ്മാണുവായ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കേരളം ഇപ്പോൾ സംസ്ഥാന തലത്തിൽ ഈ തീരുമാനം കൈക്കൊള്ളുന്നത്. ആരോഗ്യകരമായ ദഹനം, രോഗപ്രതിരോധം, മണ്ണിന്റെ ഫലഭൂയിഷ്ഠത എന്നിവയിൽ കേരളത്തിന്റെ തനതായ സൂക്ഷ്മാണുക്കൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
സംസ്ഥാന സൂക്ഷ്മാണു പ്രഖ്യാപനത്തോടൊപ്പം കിൻഫ്രയിലെ മൈക്രോബയോം സെന്ററിന്റെ സമർപ്പണവും ഗവേഷണ മേഖലയിലെ വെല്ലുവിളികളെക്കുറിച്ചുള്ള കോൺക്ലേവിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും.




