മുഖ്യമന്ത്രിയുടെ വിഷൻ 2031; കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടെ 3.30 കോടി അനുവദിച്ച് സർക്കാർ

സംസ്ഥാനം കടുത്ത സാമ്പത്തിക പരിമിതികളിലൂടെ കടന്നുപോകുമ്പോഴും, മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ‘വിഷൻ 2031’ പദ്ധതിക്കായി 3.30 കോടി രൂപ സർക്കാർ അനുവദിച്ചു. പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് വകുപ്പാണ് ഈ തുക വകയിരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ മാസം 15 മുതൽ 17 വരെ തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നത്. അനുവദിച്ച തുകയുടെ പ്രധാന വിഭജനം ഇങ്ങനെ;
വിദേശ പ്രതിനിധികളെ എത്തിക്കുന്നതിന്റെ യാത്രാ ചെലവിനായി 1.33 കോടി രൂപ. ഉദ്ഘാടന ചടങ്ങുകൾക്കും സ്റ്റേജ് ഒരുക്കുന്നതിനുമായി 70 ലക്ഷം രൂപ. ഭക്ഷണ ചിലവ് 45 ലക്ഷം രൂപ. താമസത്തിനായി 13.52 ലക്ഷം രൂപ. സമാപന സമ്മേളനത്തിനായി 30 ലക്ഷം രൂപ.
സർക്കാർ തലത്തിൽ കർശനമായ ചിലവ് ചുരുക്കൽ നിർദ്ദേശങ്ങൾ നിലനിൽക്കെ, ഇത്രയും വലിയ തുക ഒരു പരിപാടിക്കായി നീക്കിവെച്ചത് ശ്രദ്ധേയമാണ്.



