എയ്ഡഡ് സ്കൂൾ നിയമനത്തിന് പ്രവേശന പരീക്ഷ.. ഫേസ്ബുക്ക് പോസ്റ്റ് ഉടനടി പിൻവലിച്ച് വിദ്യാഭ്യാസ മന്ത്രി..

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് പ്രവേശന പരീക്ഷ ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. മിനിറ്റുകൾക്കകം മന്ത്രി പോസ്റ്റ് പിൻവലിച്ചെങ്കിലും, വിദ്യാഭ്യാസ മേഖലയിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു.

വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്താൻ ഈ നടപടി സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പിൻവലിച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. “സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമനം നടത്താനുള്ള അധികാരം മാനേജ്മെന്റുകൾക്കാണെങ്കിലും, നിയമനത്തിനുമുമ്പ് ഒരു പ്രവേശന പരീക്ഷ നടത്തുന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. ഓരോ വിദ്യാർഥിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ഈ നീക്കം ഉപകരിക്കുമെന്നാണ് പ്രതീക്ഷ,” മന്ത്രിയുടെ കുറിപ്പിൽ പറയുന്നു.

ഈ വിവാദ പോസ്റ്റിനു തൊട്ടുമുമ്പ്, അധ്യാപക അവാർഡ് വിതരണ ചടങ്ങിൽ മന്ത്രി നടത്തിയ പ്രസംഗവും ശ്രദ്ധേയമായിരുന്നു. അധ്യാപകർ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഒരു സ്കൂളിന്റെ വളർച്ചയും തളർച്ചയും പ്രധാനമായും അധ്യാപകരെ ആശ്രയിച്ചിരിക്കുന്നുവെന്നും, ചില പ്രഥമാധ്യാപകർ സ്കൂളിന്റെ പുരോഗതിക്ക് കാരണമാകുമ്പോൾ മറ്റു ചിലർ തകർച്ചയിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ, പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു. അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു വിഷയത്തിൽ കുട്ടികൾ കൂട്ടത്തോടെ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം അതത് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്കാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ വേണമെന്ന നിർദേശം അധ്യാപക സംഘടനകളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button