കൂടെയുണ്ട് കേരള പോലീസ്.. ഷോളയാർ ഡാം വ്യൂ പോയിന്റിൽ 15 അടി താഴ്ചയിലേക്ക് വീണ വയോധികന്..
ഷോളയാർ ഡാം വ്യൂ പോയിന്റിൽ 15 അടി താഴ്ചയിലേക്ക് വീണ ഒരു വയോധികനെ ധീരമായി രക്ഷപ്പെടുത്തി പോലീസുകാരൻ. ഷോളയാർ ഡാം വ്യൂ പോയിന്റ് സന്ദർശിക്കാൻ കുടുംബത്തോടൊപ്പം എത്തിയതാണ് വയോധികൻ. കാൽ വഴുതി അപകടത്തിൽപ്പെട്ട അദ്ദേഹം 15 അടി താഴ്ചയിലുള്ള പാറയിടുക്കിൽ വീണു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ മലക്കപ്പാറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. മലക്കപ്പാറ പോലീസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തി.
പോലീസ് സബ് ഇൻസ്പെക്ടർ ആസാദ്, വയോധികന്റെ പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ഫയർ ഫോഴ്സിനായി കാത്തുനിൽക്കാതെ രക്ഷാപ്രവർത്തനം നടത്താൻ തീരുമാനിച്ചു. കയറിൽ പിടിച്ച് അപകടകരമായ കൊക്കയിലേക്ക് ഇറങ്ങി അദ്ദേഹം വയോധികന്റെ അടുത്തെത്തി. മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അദ്ദേഹത്തെ മുകളിലേക്ക് സുരക്ഷിതമായി എത്തിച്ചു.