കണ്ണൂർ തളിപ്പറമ്പിൽ വൻ തീപ്പിടിത്തം; ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര സമുച്ചയത്തിൽ നിരവധി കടകൾ കത്തി നശിച്ചു
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ വൻ തീപ്പിടിത്തം. തളിപ്പറമ്പ് ബസ് സ്റ്റാൻഡിനോട് ചേർന്ന് ദേശീയപാതയോട് അഭിമുഖമായുള്ള ഒരു വാണിജ്യ കെട്ടിടത്തിലാണ് തീ ആളിപ്പടർന്നത്. വൈകുന്നേരം ഏകദേശം അഞ്ചരയോടെയാണ് സംഭവം. തീ പടരാനുള്ള കാരണം വ്യക്തമല്ലെങ്കിലും, കെട്ടിടത്തിലെ ഒരു കളിപ്പാട്ടക്കടയിൽ നിന്നാണ് തീ ആദ്യം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
മൊബൈൽ ഫോൺ വിൽപന ശാലകളും തുണിക്കടകളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന ഒരു വലിയ കെട്ടിടമാണിത്. ഏകദേശം ഒരു മണിക്കൂറിലധികം നേരം തീ അനിയന്ത്രിതമായി കത്തിപ്പടരുകയും അഞ്ചിലധികം കടകൾ പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. തീ ഇതുവരെ പൂർണ്ണമായി നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.
തീപ്പിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. സംഭവം അറിഞ്ഞ് കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേന യൂണിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കവെ, ആവശ്യത്തിന് അഗ്നിശമനസേനാ യൂണിറ്റുകൾ യഥാസമയം എത്തിയില്ലെന്നും അധികാരികൾ വിഷയത്തിൽ നിസ്സംഗത കാട്ടിയെന്നും നാട്ടുകാർ ആരോപണം ഉന്നയിച്ചിട്ടുണ്ട്.