കണ്ണൂരിൽ പാട്യം മൗവ്വഞ്ചേരിയിൽ അർദ്ധരാത്രി സ്ഫോടനം.. വീടുകൾക്ക് കേടുപാട്, പിന്നിൽ ബിജെപിയെന്ന് ആരോപണം
കണ്ണൂർ ജില്ലയിലെ പാട്യം മൗവ്വഞ്ചേരി പീടികയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയുണ്ടായ സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അജ്ഞാതർ റോഡിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതാണ് സംഭവത്തിന് കാരണമെന്നാണ് വിവരം.
രാത്രി ഏകദേശം 12 മണിയോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ റോഡിലെ കല്ലുകളും അതിന്റെ ചീളുകളും തെറിച്ചുപോയി. ഇത് സമീപത്തെ വീടുകളിലേക്ക് പതിച്ചതിനെത്തുടർന്ന് രണ്ട് വീടുകളുടെ ജനൽച്ചില്ലുകൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. കേടുപാടു പറ്റിയ വീടുകളിലൊന്ന് സിപിഎം പ്രവർത്തകന്റേതാണ്.
വിവരമറിഞ്ഞ് ഉടൻ തന്നെ കതിരൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്ഫോടനം നടത്തിയവരെക്കുറിച്ചോ സംഭവത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചോ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പോലീസ് സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പോലീസ് പരിശോധിച്ചു വരുന്നു.
സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്ന തരത്തിലുള്ള പരസ്പര ആരോപണങ്ങൾ പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചിട്ടുണ്ട്. സ്ഫോടകവസ്തു എറിഞ്ഞതിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. മറുവശത്ത്, ബിജെപി ആകട്ടെ സ്ഫോടനം നടത്തിയതിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ആരോപണം ഉന്നയിക്കുന്നു.
സിസിടിവി അടക്കം പോലീസ് പരിശോധിച്ചുവരികയാണ്.