തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഭാര്യമാർ; വേളികഴിച്ചും കവർച്ച നടത്തിയും കേരളം ചുറ്റിയ ‘കല്യാണരാമൻ’ വലയിൽ

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന വിവാഹബന്ധങ്ങളും അൻപതിലധികം മോഷണക്കേസുകളുമായി കുപ്രസിദ്ധനായ ‘കല്യാണരാമൻ’ എന്ന ബാഹുലേയൻ (വട്ടിയൂർക്കാവ് സ്വദേശി) ഒടുവിൽ ആറ്റിങ്ങൽ പൊലീസിന്റെ വലയിലായി. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ വ്യാജപ്പേരുകളിൽ താമസിച്ച് സ്ത്രീകളെ വിവാഹം കഴിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി.
തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായായ ഇയാൾ നെയ്യാറ്റിൻകര മുതൽ കാസർഗോഡ് വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, മോഷണം അടക്കം 50 ലധികം കേസുകളിൽ പ്രതിയാണ്. ബാഹുലേയൻ, കല്യാണരാമൻ, ദാസ് ബാബു, ബാബു, സുന്ദരൻ, രാജൻ, വിജയൻ തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാൾ അറിയപ്പെടുന്നത്. വാടകയ്ക്ക് വീട് എടുത്താണ് മോഷണവും , വിവാഹവും നടത്തിരുന്നതെന്ന് പൊലീസ് പറയുന്നു. വിധവകളേയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെ വശീകരിച്ച് കല്യാണം കഴിച്ച് വീടെടുത്ത് താമസിച്ച്, ശേഷം ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്.

കാസർഗോഡ് നീലേശ്വരത്ത് ഒരു സ്ത്രീയുമായി കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻറിന് സമീപത്തെ ലോഡ്ജിൽ താമസിക്കുന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണിയാൾ പിടിയിലായത്. തിരുവനന്തപുരത്ത് വയോധികയുടെ ഏഴ് പവൻറെ മാല മോഷ്ട്ടിച്ച കേസിൽ പിടികിട്ടാപുള്ളിയാണിയാൾ. മറ്റ് കേസുകൾക്കായി പ്രതിയെ ഫോർട്ട് സ്റ്റേഷനു കൈമാറിയെന്ന് ആറ്റിങ്ങൽ പൊലീസ് വിശദമാക്കി.

Related Articles

Back to top button