അർത്തുങ്കൽ ബീച്ചിൽ അന്താരാഷ്ട്ര സിക്സർ! യുവാക്കൾക്കൊപ്പം കളിക്കാനിറങ്ങി ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജോണ്ടി റോഡ്‌സ്

ആലപ്പുഴ: ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജോണ്ടി റോഡ്‌സ് ആലപ്പുഴയിലെ അർത്തുങ്കൽ ബീച്ചിൽ യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചു. വിസ്‌മയിപ്പിക്കുന്ന ഫീൽഡിങ്ങിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ നേടിയെടുത്ത ഈ താരം, അവധിക്കാലം ആഘോഷിക്കാനായാണ് കുടുംബത്തോടൊപ്പം ആലപ്പുഴയിൽ എത്തിയത്.

അർത്തുങ്കൽ ബീച്ചിന് സമീപത്തെ താമസസ്ഥലത്തിന് മുന്നിൽവെച്ച് ഒരു കൂട്ടം ചെറുപ്പക്കാർ ക്രിക്കറ്റ് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജോണ്ടി റോഡ്‌സ് അവർക്കൊപ്പം കൂടാൻ തീരുമാനിച്ചത്. അർത്തുങ്കൽ ക്രിക്കറ്റ് ക്ലബിലെ താരങ്ങളാണ് ഈ ഭാഗ്യം ലഭിച്ച യുവാക്കൾ.

ചൊവ്വാഴ്ച വൈകുന്നേരം കളിക്കുന്ന യുവാക്കളെ കണ്ട റോഡ്‌സ്, അടുത്ത ദിവസം താനും കളിക്കാനെത്താമെന്ന് ഉറപ്പുനൽകി മടങ്ങി. തുടർന്ന്, ബുധനാഴ്ച രാവിലെ സൈക്കിളിൽ അർത്തുങ്കൽ ബീച്ചിലെത്തിയ അദ്ദേഹം യാതൊരു മടിയുമില്ലാതെ യുവാക്കൾക്കൊപ്പം കളിക്കളത്തിലിറങ്ങുകയായിരുന്നു. ലോകോത്തര സ്റ്റേഡിയങ്ങളിൽ മാത്രം കണ്ടിട്ടുള്ള സിക്സറുകൾ ജോണ്ടി റോഡ്‌സ് ആലപ്പുഴയിലെ ഈ ബീച്ച് ക്രിക്കറ്റിലും പുറത്തെടുത്തു.

ഇത്രയും വലിയൊരു താരത്തെ നേരിൽ കാണാനും അദ്ദേഹത്തോടൊപ്പം കളിക്കാനും സാധിച്ചതിന്റെ അവിശ്വസനീയമായ സന്തോഷത്തിലാണ് അർത്തുങ്കൽ ക്രിക്കറ്റ് ക്ലബിലെ അംഗങ്ങൾ. ടെലിവിഷനിൽ കണ്ട് മാത്രം ആരാധിച്ചിരുന്ന ഒരു ലോകോത്തര ക്രിക്കറ്റ് താരത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചത് തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് യുവാക്കൾ പറഞ്ഞു. വിനോദസഞ്ചാരത്തിന് എത്തിയ താരത്തിന്റെ ഈ എളിയ ഇടപെടൽ, അർത്തുങ്കൽ ബീച്ചിനും അവിടുത്തെ കായിക പ്രേമികൾക്കും വലിയൊരു ഓർമ്മ സമ്മാനിച്ചിരിക്കുകയാണ്.

Related Articles

Back to top button