ബിരിയാണിക്കും ചായക്കും വെള്ളത്തിനും പകൽക്കൊള്ള; ചോദ്യം ചെയ്തപ്പോൾ ഭീഷണി, പാൻട്രി ജീവനക്കാരെ പിരിച്ചുവിട്ട് റെയിൽവേ

യാത്രക്കാരിൽ നിന്ന് ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കിയ സംഭവത്തിൽ കർശന നടപടിയുമായി റെയിൽവേ. ഡൽഹി-അമൃത്സർ ഇന്റർസിറ്റി എക്‌സ്പ്രസിലെ പാൻട്രി കാർ മാനേജരെയും കൂടെയുണ്ടായിരുന്ന ജീവനക്കാരെയുമാണ് ഐആർസിടിസി (IRCTC) ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
ഒരു യാത്രക്കാരൻ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ട്രെയിനിലെ പകൽക്കൊള്ള വെളിച്ചത്തായത്. റെയിൽവേ നിശ്ചയിച്ചിട്ടുള്ള നിരക്കിനേക്കാൾ ഇരട്ടി തുകയാണ് പല സാധനങ്ങൾക്കും ഈടാക്കിയിരുന്നത്.
ചായ/കാപ്പി: നിശ്ചയിച്ച നിരക്കിനേക്കാൾ (₹5, ₹10) പത്ത് രൂപയോളം അധികം വാങ്ങി.
കുടിവെള്ളം: ₹14 രൂപയുടെ കുപ്പി വെള്ളത്തിന് ₹20 രൂപയാണ് ഈടാക്കിയത്.
ബിരിയാണി: അധിക തുക വാങ്ങിയതിന് പുറമെ സാലഡ്, തൈര് തുടങ്ങിയ അനുബന്ധ വിഭവങ്ങളൊന്നും നൽകിയിരുന്നില്ല.
യാത്രക്കാരൻ ഇതിനെതിരെ പരാതി നൽകിയപ്പോൾ, കുറഞ്ഞ വിലയിലുള്ള ചായ നിങ്ങൾ ചോദിക്കാത്തത് കൊണ്ടാണ് കൂടിയ വില വാങ്ങിയതെന്ന ന്യായീകരണവുമായി റെയിൽവേ ജീവനക്കാർ രംഗത്തെത്തി. കൂടാതെ യാത്രക്കാരനെ ഭീഷണിപ്പെടുത്താനും ശ്രമിച്ചു. വീഡിയോ വൈറലായതോടെ എക്‌സിലൂടെ മാപ്പുചോദിച്ച ഐആർസിടിസി, കുറ്റക്കാരായ ജീവനക്കാരെ ഉടൻ പുറത്താക്കിയതായും കരാറുകാരന് വൻ തുക പിഴ ചുമത്തിയതായും അറിയിച്ചു.
അമിതവില തടയുന്നതിനായി വൈകാതെ തന്നെ ട്രെയിനുകളിൽ ഇ-പാൻട്രി സംവിധാനം ഏർപ്പെടുത്തുമെന്നും യാത്രക്കാർക്ക് ഡിജിറ്റലായി പണമടച്ച് ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാമെന്നും റെയിൽവേ വ്യക്തമാക്കി.
‘സാധാരണക്കാർക്ക് വലിയൊരു തിരിച്ചടിയാണ് ഇത്തരം അമിതവില ഈടാക്കൽ. 80 രൂപയുടെ ഭക്ഷണത്തിന് 180 രൂപ നൽകേണ്ടി വരുന്നത് പലരുടെയും വിശപ്പടക്കാനുള്ള പണമാണ് നഷ്ടപ്പെടുത്തുന്നത്’ – വീഡിയോ പങ്കുവെച്ച യാത്രക്കാരൻ കുറിച്ചു.



