‘നേതാവിനെ വധിച്ച നാട്ടിൽ കളിക്കാനില്ല’; ലോകകപ്പ് ബഹിഷ്‌കരിക്കുന്നുവെന്ന് ഇറാൻ

അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ നിന്ന് പിന്മാറുന്നതായി ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ഇറാന്റെ കായികമന്ത്രി അഹമ്മദ് ദുന്യാമലിയാണ് രാജ്യത്തിന്റെ ഈ സുപ്രധാന തീരുമാനം വ്യക്തമാക്കിയത്. ഇറാനിലെ ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി. മാസങ്ങളുടെ ഇടവേളയിൽ രണ്ട് യുദ്ധങ്ങൾ ഇറാന് മേൽ അടിച്ചേൽപ്പിക്കുകയും ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്തവരാണ് അമേരിക്ക. മാത്രവുമല്ല ഇറാന്റെ പരമോന്നത നേതാവിനേയും അവർ കൊലപ്പെടുത്തി. അപ്പോൾ ആ നാട്ടിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല- മന്ത്രി വ്യക്തമാക്കി.
2026 ഫുട്‌ബോൾ ലോകകപ്പ് അമേരിക്ക, മെക്‌സികോ, കാനഡ എന്നിവിടങ്ങളിലാണ് നടക്കുന്നത്. ഇറാന്റെ മത്സരങ്ങളെല്ലാം അമേരിക്കയിലാണ് ക്രമീകരിച്ചിട്ടുള്ളത്. എന്നാൽ തങ്ങളുടെ രാജ്യത്തെ താരങ്ങൾ അമേരിക്കയിൽ സുരക്ഷിതരായിരിക്കില്ലെന്നും കുട്ടികളുടെ കാര്യത്തിൽ അതുകൊണ്ട് തന്നെ റിസ്‌ക് എടുക്കാൻ കഴിയില്ലെന്നും ദുന്യാമലി കൂട്ടിച്ചേർത്തു. ആതിഥേയർക്ക് ശേഷം ഈ ലോകകപ്പിന് യോഗ്യത ഉറപ്പിച്ച ആദ്യത്തെ രാജ്യമായിരുന്നു ഇറാൻ.’അഴിമതി നിറഞ്ഞ യു.എസ് ഭരണകൂടം നമ്മുടെ നേതാവിനെ വധിച്ച സ്ഥിതിക്ക്, ഒരു സാഹചര്യത്തിലും ഫിഫ ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ല’ -മന്ത്രി ബുധനാഴ്ച സർക്കാർ ടെലിവിഷനോട് വ്യക്തമാക്കി. ‘നമ്മുടെ കുട്ടികൾ അവിടെ സുരക്ഷിതരല്ല. അടിസ്ഥാനപരമായി, ലോകകപ്പിൽ കളിക്കുന്നതിനുള്ള സാഹചര്യങ്ങൾ നിലവിലില്ല. ഇറാനെതിരെ അവർ നടത്തിയ ദുഷ്ടപ്രവൃത്തികൾ കണക്കിലെടുക്കുമ്പോൾ അതിനുള്ള മാനസികനിലയും രാജ്യത്ത് നിലനിൽക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.



