‘ബംഗ്ലാദേശിന്റെ സമാധാനത്തിനും ജനാധിപത്യത്തിനും സ്ഥിരതയ്ക്കും ഇന്ത്യയുടെ പിന്തുണ തുടരും’; ഷെയ്ഖ് ഹസീനയെ കൈമാറില്ലെന്ന് സൂചന നൽകി ഇന്ത്യ

ബംഗ്ലാദേശിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറുന്ന വിഷയത്തിൽ ഇന്ത്യ അനുകൂലമായ നിലപാട് എടുക്കില്ലെന്ന് പരോക്ഷമായി വ്യക്തമാക്കി. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ കോടതി വിധി ശ്രദ്ധയിൽപെട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബംഗ്ലാദേശിലെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനായുള്ള ശ്രമങ്ങൾ ഇന്ത്യ തുടർന്നും നടത്തുമെന്നും ഇതിനായി രാജ്യത്തെ എല്ലാ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ബംഗ്ലാദേശ് കുറ്റകൃത്യ ട്രൈബ്യൂണലാണ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്താനായി ഹസീന വംശഹത്യ നടത്തിയെന്നും ഇത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. രാജ്യം വിട്ടുപോയ ഹസീനയെയും മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമാലിനെയും വിധിപ്രകാരം വധശിക്ഷയ്ക്ക് വിധേയരാക്കും. നിലവിൽ ബംഗ്ലാദേശ് വിട്ട് ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ് ഹസീന. ഹസീന ലോകത്തിന്റെ ഏത് ഭാഗത്തായാലും ശിക്ഷ നടപ്പിലാക്കുമെന്ന നിലപാടിലാണ് ബംഗ്ലാദേശ് ഭരണകൂടം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ, ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് പലതവണ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കുറ്റവാളി കൈമാറ്റക്കരാർ ഇന്ത്യ പാലിക്കണമെന്ന യൂനുസ് ഭരണകൂടത്തിന്റെ ആവശ്യം ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല.



