രാത്രിയിൽ ഗേറ്റ് പൊളിച്ചു, പിന്നാലെ കൂട്ടത്തല്ല്; രാജകുമാരിയിൽ വഴിത്തർക്കത്തെച്ചൊല്ലി സ്ത്രീകൾക്ക് മർദ്ദനം

ഇടുക്കി രാജകുമാരിക്ക് സമീപം കുംഭപ്പാറയിൽ വഴിത്തർക്കത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. കുംഭപ്പാറ മണപ്പാടൻമുറിയിൽ ഷാജി കൊച്ചുകരോട്ടും അയൽവാസികളും തമ്മിൽ വഴി സംബന്ധിച്ച് ദീർഘനാളായി തർക്കം നിലനിന്നിരുന്നു. വഴി തന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് അവകാശപ്പെട്ട് ഷാജി അവിടെ ഗേറ്റ് സ്ഥാപിച്ചിരുന്നു.

ആക്രണം നടത്തിയ കോൺഗ്രസ് നേതാവടക്കം നാലു പേർക്കെതിരെ രാജാക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കുംഭപ്പാറ മണപ്പാടൻമുറിയിൽ സാബുവിന്റെ ഭാര്യ സുധ, മകൾ ശ്രുതി, സുധയുടെ സഹോദരി പൊന്നമ്മ, അയൽവാസി ബിന്ദു, ബിന്ദുവിൻറെ മകൾ കൃഷ്ണപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശവാസിയും പ്രാദേശിക കോൺഗ്രസ് നേതാവുമാണ് ഷാജി കൊച്ചുകരോട്ട്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് മർദ്ദനം നടത്തിയത്

ഷാജിയുടെയും പരിക്കേറ്റ കുടുംബങ്ങളുടെയും സ്ഥലത്തു കൂടി കടന്നു പോകുന്ന റോഡുമായി ബന്ധപ്പെട്ടാണ് തർക്കം. വഴിക്കുള്ള സ്ഥലം താൻവാങ്ങിയതാണെന്ന് കാണിച്ച് ഷാജി ഗേറ്റ് സ്ഥാപിച്ചു. ഇതേച്ചൊല്ലി കുറച്ചു നാളായി ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇന്നലെ ഇതുവഴി സുഹൃത്തിൻറെ സ്ഥലത്തേക്ക് വാഹനം കട്ടി വിടാൻ ഷാജി ഗേറ്റ് തുറന്നു നൽകി. ഇതേച്ചൊല്ലി വീണ്ടും തർക്കമായി. പൊലീസെത്തി അടുത്ത ദിവസം ചർച്ച നടത്താമെന്നറിയിച്ചു. ഇതിനിടെ ഗേറ്റ് ആരോ പൊളിച്ചു നീക്കി. ഇതുമായി ബന്ധപ്പെട്ട് തർക്കമാണ് രാത്രി കൂട്ടത്തല്ലിൽ കലാശിച്ചത്.

സ്ത്രീകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയാക്കിയത്. പരിക്കേറ്റ സ്ത്രീകളുടെ പരാതിയിൽ ഷാജി കൊച്ചുകരോട്ട്, മഠത്തിശ്ശേരിൽ രാജു, മക്കളായ ടിനോയി, ടിൻറു എന്നിവ‍ർക്കെതിരെ രാജാക്കാട് പോലീസ് കേസെടുത്തു. അതേ സമയം തങ്ങൾക്കും മർദ്ദമമേറ്റെന്നു കാണിച്ച് മഠത്തിശ്ശേരി രാജുവും കുടുംബാംഗങ്ങളു നൽകിയ പരാതിയിൽ പരിക്കേറ്റ നാലു സ്ത്രീകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button