ജിംനേഷ്യം മോഷണക്കേസിലെ അറസ്റ്റ്.. ബിഗ് ബോസ് താരം ജിന്റോയ്ക്ക് ഹൈക്കോടതിയിൽനിന്ന് ആശ്വാസം..
ബിഗ് ബോസ് സീസൺ 6 വിജയിയായ ജിന്റോ ബോഡിക്രാഫ്റ്റ് ജിന്റോയ്ക്കെതിരെയുള്ള മോഷണക്കേസിലെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. എറണാകുളം പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ ഈ ഉത്തരവ്. ജിന്റോയുടെ ഉടമസ്ഥതയിലുള്ള ജിന്റോ ബോഡിക്രാഫ്റ്റ് എന്ന ജിംനേഷ്യത്തിൽ അതിക്രമിച്ച് കയറി പതിനായിരം രൂപയും മറ്റ് രേഖകളും മോഷ്ടിച്ചെന്ന് കാണിച്ച് ജിംനേഷ്യത്തിൻ്റെ നടത്തിപ്പുകാരിയാണ് പരാതി നൽകിയിരുന്നത്.
നേരത്തെ, ജിന്റോയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമണ കേസിൽ അദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശം നൽകിയതിന് പിന്നാലെയാണ് മോഷണക്കേസിൽ പുതിയ പരാതി ഉയർന്നത്. ജിന്റോയ്ക്ക് വേണ്ടി അഡ്വക്കേറ്റുമാരായ സമീർ എസ് ഇലമ്പടത്ത്, അമാനി ആർഎസ് എന്നിവർ കോടതിയിൽ ഹാജരായി.
ഈ കേസിൽ പരാതിക്കാരിക്ക് കക്ഷി ചേരാനും പോലീസിൻ്റെ വിശദീകരണം കേൾക്കാനും വേണ്ടിയുള്ള സമയം അനുവദിച്ച കോടതി, ഓണാവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.