പറമ്പ് നികത്താൻ എത്തിച്ച മണ്ണിൽ വളർന്നത്.. ചെടികൾ വേരോടെ പിഴുത് പോലീസ്…

വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. റോഡരികിലെ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് ഇന്ന് രാവിലെയാണ് ചെടികൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ പരിസരവാസികൾ ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വടകര പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇവ കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പോലീസ് ഇവ വേരോടെ പിഴുതെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
കുറച്ചുദിവസങ്ങൾക്ക് മുൻപ് പറമ്പ് നികത്താനായി ഇവിടെ മണ്ണ് ഇറക്കിയിരുന്നു. ഈ മണ്ണിലുണ്ടായിരുന്ന വിത്തുകൾ മുളച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് കൂടുതൽ ചെടികൾ ഉണ്ടോ എന്നറിയാൻ പോലീസ് പരിസരമാകെ വിശദമായ പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. മണ്ണ് കൊണ്ടുവന്ന സ്രോതസ്സിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.



