കോൺഗ്രസ് സമരത്തിനിടെ സംഘർഷം; ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയുടെ താലിമാല നഷ്ടമായി

കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സ്വർണ്ണമാല നഷ്ടമായി. ശിവമോഗ കോട്ടെ പോലീസ് സ്റ്റേഷനിലെ എഎസ്ഐ അമൃതഭായിയുടെ 60 ഗ്രാം (ഏഴര പവൻ) തൂക്കം വരുന്ന മംഗല്യസൂത്രമാണ് കാണാതായത്. നഗരത്തിലെ ബിജെപി ഓഫീസിന് മുന്നിൽ നടന്ന സംഘർഷഭരിതമായ പ്രതിഷേധത്തിനിടയിലാണ് സംഭവം.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെയുള്ള ഇഡി നടപടിയിൽ പ്രതിഷേധിച്ചും, തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെയുമാണ് കോൺഗ്രസ് പ്രവർത്തകർ ബിജെപി ഓഫീസ് ഉപരോധിച്ചത്. പ്രവർത്തകർ ഓഫീസ് ആക്രമിക്കാൻ മുതിർന്നതോടെ പോലീസുമായി ഉന്തും തള്ളുമുണ്ടാവുകയും സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലേക്ക് മാറുകയും ചെയ്തു. ഈ ബഹളത്തിനിടയിലാണ് ഉദ്യോഗസ്ഥയുടെ മാല നഷ്ടപ്പെട്ടത്.



