എറണാകുളത്ത് വൻ തീപ്പിടിത്തം: ലക്ഷങ്ങളുടെ നാശനഷ്ടം; വർക്ക് ഷോപ്പും കാർ അക്സസറീസ് കടയും കത്തിനശിച്ചു

ഇടപ്പള്ളി ഉണിച്ചിറയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ഉച്ചയോടെയുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. തര്യൻ ജോൺ മലമേലിന്റെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ‘ഹിറോഷി മോട്ടോഴ്സ്’ എന്ന കാർ ആക്സസറീസ് കടയും ‘മോട്ടോലാൻഡ്’ എന്ന ടൂവീലർ വർക്ക് ഷോപ്പുമാണ് പൂർണ്ണമായും അഗ്നിക്കിരയായത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഏകദേശം 2.55-ഓടെയാണ് അപകടം സംഭവിച്ചത്. സംഭവസമയത്ത് സ്ഥാപനങ്ങളിൽ ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ഉടൻ തന്നെ പുറത്തേക്ക് ഓടി മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. തൃക്കാക്കര, ഏലൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ നിന്നായി എത്തിയ നാല് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ മൂന്ന് മണിക്കൂർ പ്രയത്നിച്ചാണ് തീ അണച്ചത്.

എട്ടോളം ഇരുചക്ര വാഹനങ്ങൾ പൂർണ്ണമായും നശിച്ചു. കാർ ഓഡിയോ-വീഡിയോ സിസ്റ്റങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വർക്ക് ഷോപ്പ് ഉപകരണങ്ങൾ എന്നിവ ചാരമായി. സ്ഥാപനങ്ങളിലെ പ്രധാന ഫയലുകളും ഫർണിച്ചറുകളും അഗ്നിക്കിരയായി.

വെള്ളവും ഫോമും ഉപയോഗിച്ചാണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്.

Related Articles

Back to top button