സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടു.. വീട്ടിലെത്തി യുവാവിനെ പൂട്ടിയിട്ട്… സംഭവം എറണാകുളത്ത്

സ്വവർഗാനുരാഗികൾക്കായുള്ള ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട രണ്ട് പേർ ചേർന്ന് യുവാവിനെ വീട്ടിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം കവർന്നു. വടക്കൻ പറവൂരിലെ കോട്ടുവള്ളിയിലാണ് സംഭവം. കവർച്ചയ്ക്കിരയായ യുവാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് മറ്റൊരു സുഹൃത്തുമായി പരാതിക്കാരന്റെ വീട്ടിലെത്തി. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് ഇരുവരും ചേർന്ന് പരാതിക്കാരനെ കിടപ്പുമുറിയിൽ പൂട്ടിയിടുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആദ്യം ഇവർ യുവാവിന്റെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ കൈക്കലാക്കാൻ ശ്രമിച്ചു. എന്നാൽ, ഒന്നും കണ്ടെത്താനാകാതെ വന്നതോടെ പണം ആവശ്യപ്പെട്ടു. യുവാവിന്റെ പേയ്‌മെന്റ് ആപ്പിലെ ക്യൂആർ കോഡ് സ്കാൻ ചെയ്യിപ്പിച്ച് ആദ്യം 10,000 രൂപ തട്ടിയെടുത്തു. ഇതിനുശേഷം, അച്ഛന്റെ അക്കൗണ്ടിൽനിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 10,000 രൂപ കൂടി ട്രാൻസ്ഫർ ചെയ്യിപ്പിച്ചശേഷം, ആ പണവും ഇതേരീതിയിൽ കൈക്കലാക്കി. മൊത്തം 20,000 രൂപയാണ് പ്രതികൾ കവർന്നത്.
നാണക്കേട് കാരണം ഇരയായയാൾ പരാതി നൽകില്ലെന്ന് കരുതിയാണ് പ്രതികൾ സ്ഥലംവിട്ടതെങ്കിലും, യുവാവ് ഉടൻതന്നെ പോലീസിനെ സമീപിച്ചു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി



