‘കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ’; ആരോപണങ്ങൾ തള്ളി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി

പയ്യന്നൂർ ഫണ്ട് തിരിമറി വിഷയത്തിൽ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയ വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത നിലപാടുമായി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം. കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ ‘കോടാലി കൈ’ ആയി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രസ്താവനയിലൂടെ അറിയിച്ചു.
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പാർട്ടിക്കുള്ളിലെ ഫണ്ട് വെട്ടിപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞത്. പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനന്റെ നേതൃത്വത്തിൽ ധൻരാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, ഓഫീസ് നിർമ്മാണ ഫണ്ട് എന്നിവയിൽ നിന്ന് ഒരുകോടിയിലധികം രൂപ തട്ടിയെടുത്തു. കൃത്യമായ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും സംസ്ഥാന നേതൃത്വം നടപടിയെടുക്കാതെ തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചതെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
പയ്യന്നൂരിലെ ഫണ്ട് സംബന്ധിച്ച പരാതികൾ വർഷങ്ങൾക്ക് മുൻപ് തന്നെ പാർട്ടി അന്വേഷിച്ചതാണ്. കണക്കുകൾ അവതരിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായതല്ലാതെ വ്യക്തിപരമായ സാമ്പത്തിക ലാഭം ആരും ഉണ്ടാക്കിയിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്. വിഭാഗീയ ലക്ഷ്യങ്ങളോടെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിന് കുഞ്ഞികൃഷ്ണനെതിരെ മുൻപ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. അന്ന് തനിക്ക് തെറ്റുപറ്റിയെന്ന് അദ്ദേഹം സമ്മതിച്ചതാണെന്നും പാർട്ടി അവകാശപ്പെടുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താനാണ് കുഞ്ഞികൃഷ്ണൻ ശ്രമിക്കുന്നത്. രാഷ്ട്രീയ ശത്രുക്കൾക്ക് ആയുധം നൽകുന്ന ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ല. കുഞ്ഞികൃഷ്ണന്റെ പുതിയ വെളിപ്പെടുത്തലുകളെ പൂർണ്ണമായും തള്ളിക്കളയുന്നുവെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.




