‘രാഹുൽ ഗാന്ധി വേണ്ടത്ര ബൂസ്റ്റും ഹോർലിക്സും തരുന്നുണ്ട്, അത് അതി’..

നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പിന്തുണ തങ്ങൾക്ക് ആവശ്യമില്ലെന്ന് തമിഴ്‌നാട് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ടിവികെയുടെ സഹകരണം തേടുമെന്ന അഭ്യൂഹങ്ങളെ തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപ്പെരുന്തഗൈ തള്ളിക്കളഞ്ഞു.

“ഞങ്ങളുടെ പ്രവർത്തകർക്ക് ആവശ്യമായ കരുത്തും ആവേശവും രാഹുൽ ഗാന്ധി നൽകുന്നുണ്ട്. ബൂസ്റ്റും ഹോർലിക്സും ബോൺവിറ്റയും പോലെ ആ ഊർജ്ജം ഞങ്ങൾക്ക് നിലവിൽ ലഭ്യമാണ്,” എന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ ടിവികെ തയ്യാറാണെന്ന് വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. കോൺഗ്രസിന് വലിയ ചരിത്രമുണ്ടെങ്കിലും നിലവിൽ പാർട്ടി ക്ഷീണാവസ്ഥയിലാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. മറ്റ് പാർട്ടികളെ പിന്തുണയ്ക്കുന്നതിന് പകരം സ്വന്തം പ്രതാപം വീണ്ടെടുക്കാൻ കോൺഗ്രസിനെ സഹായിക്കാൻ വിജയ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഈ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

നിലവിൽ ഡിഎംകെ സഖ്യത്തിലുള്ള കോൺഗ്രസ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തന്ത്രപരമായ നീക്കങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയെങ്കിലും ഡിഎംകെ ഇതുവരെ കോൺഗ്രസിന് മന്ത്രിസ്ഥാനം നൽകിയിട്ടില്ല. നാലാം തവണയും അധികാരം ലഭിച്ചാൽ ഭരണം പങ്കിടണമെന്ന നിലപാടിലാണ് കോൺഗ്രസ്. 234 സീറ്റുകളിൽ 35 എണ്ണമെങ്കിലും വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുമ്പോൾ, 19 സീറ്റിലധികം നൽകാൻ ഡിഎംകെ തയ്യാറല്ല.

ഡിഎംകെ വിട്ടുനൽകാൻ തയ്യാറായില്ലെങ്കിൽ ടിവികെയുമായി സഹകരിക്കാനുള്ള നേരിയ സാധ്യത രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്. ഭരണ പങ്കാളിത്തവും 60-ലേറെ സീറ്റുകളും വിജയ് വാഗ്ദാനം ചെയ്യുന്നത് കോൺഗ്രസ് ഗൗരവമായി പരിഗണിച്ചേക്കാം എന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Back to top button