മുഹമ്മദ് ഷിയാസോ ദീപ്തിയോ? കൊച്ചിയിൽ വിട്ടുവീഴ്ചയില്ലാതെ നേതാക്കൾ; രണ്ടാംഘട്ട പട്ടിക വൈകുന്നു; കടുത്ത അതൃപ്തിയിൽ രാഹുൽ ഗാന്ധി

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. ഹൈക്കമാൻഡ് തലത്തിൽ നടന്ന ചർച്ചകളിലും സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാത്തത് രണ്ടാം ഘട്ട പട്ടിക വൈകാൻ കാരണമാകുന്നു. പ്രധാനമായും കൊച്ചി, ഇടുക്കി സീറ്റുകളെച്ചൊല്ലി മുതിർന്ന നേതാക്കളായ കെ.സി. വേണുഗോപാലും വി.ഡി. സതീശനും തമ്മിലുള്ള ഭിന്നതയാണ് ചർച്ചകൾ നീളാൻ ഇടയാക്കുന്നത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനായി വി.ഡി. സതീശനും, ദീപ്തി മേരി വർഗീസിനായി കെ.സി. വേണുഗോപാലും ഉറച്ചുനിൽക്കുന്നതാണ് പ്രധാന പ്രതിസന്ധി.
സെന്‍ട്രൽ ഇലക്ഷൻ കമ്മിറ്റി യോഗത്തിലും തര്‍ക്കം തുടരുകയാണ്. തര്‍ക്കം തീരാത്തതിൽ രാഹുൽ ഗാന്ധിയും കടുത്ത അതൃപ്തിയിലാണ്. കണ്ണൂര്‍ സീറ്റിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല. കെ സുധാകരന്റെയും അടൂര്‍ പ്രകാശിന്റെയും കാര്യത്തിലടക്കം തീരുമാനമായിട്ടില്ല. തീരുമാനമാകാതായതോടെ പുറത്തുപോയി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാൻ രാഹുൽ ഗാന്ധി നേതാക്കളോട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് സെന്‍ട്രൽ ഇലക്ഷൻ കമ്മിറ്റി കടക്കുകയായിരുന്നു. കേരളത്തിലെ പട്ടിക അന്തിമമാക്കാൻ നേതാക്കൾ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി യോഗം ചേരുമെന്നാണ് വിവരം.



