പോലീസ് ജീവിതം നശിപ്പിച്ചു.. കുടുംബം ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നു.. കളമശ്ശേരി പോലീസ് യുവാവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുടുക്കിയെന്ന് ആരോപണം..
കളമശ്ശേരി പോലീസിനെതിരെ യുവാവിന്റെയും കുടുംബത്തിന്റെയും ആരോപണം. കൊല്ലം സ്വദേശിയായ യുവാവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുടുക്കിയെന്നാണ് പരാതി. 36 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് കേസിലാണ് കൊല്ലം സ്വദേശി അലൻ മൂന്നാം പ്രതിയായത്. പോലീസ് തന്റെ ജീവിതം നശിപ്പിച്ചുവെന്ന് അലൻ പറഞ്ഞു. നാട്ടിൽ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും എന്ന് അലൻ പറഞ്ഞു.
പോലീസ് കുറ്റപത്രത്തിൽ പറയുന്ന തുക യുവാവിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല. 4.18 ലക്ഷം രൂപ അലന്റെ അക്കൗണ്ടിൽ എത്തിയെന്നാണ് കുറ്റപത്രത്തിൽ പോലീസ് പറയുന്നത്. പോലീസ് പറയുന്ന ദിവസം ബാങ്ക് രേഖകളിൽ കാണുന്നത് 4.22 ലക്ഷം. ഈ തുക ക്രിപ്റ്റോ കറൻസി വിറ്റതിലൂടെ ലഭിച്ചതെന്ന രേഖ യുവാവ് ഹാജരാക്കി. ഇത് പരിശോധിക്കാതെ പോലീസ് യുവാവിനെ 45 ദിവസമാണ് ജയിലിൽ അടച്ചത്. ഹൈക്കോടതി ജാമ്യം നൽകിയതോടെയാണ് അലൻ പുറത്തുവന്നത്.
കുടുംബം ആത്മഹത്യ ചെയ്യാതെ പിടിച്ചുനിന്നു എന്ന് അലന്റെ പിതാവ് പ്രതികരിച്ചു. സ്റ്റേഷൻ വരെ പോയിട്ടുവരാമെന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ട് വിട്ടയക്കുമെന്നായിരുന്നു പോലീസ് പറഞ്ഞതെന്ന് അലൻ പറയുന്നു. കരിയർ നഷ്ടപ്പെട്ടെന്ന് അലൻ പറയുന്നു. അങ്ങനെയൊരു തുക മകന്റെ അക്കൗണ്ടിൽ വന്നിട്ടില്ലെന്നും ചെക്ക് ഉപയോഗിച്ച് വലിച്ചിട്ടില്ലെന്നും അലന്റെ പിതാവ് പറഞ്ഞു.
കേസിൽ അലനെ മാത്രമായിരുന്നു പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നത്. എന്നാൽ തുക വന്നതിന്റെ രേഖകൾ കാണിക്കാൻ യുവാവ് തയാറായിട്ടും പോലീസ് പരിശോധിക്കാൻ തായാറായില്ല. തുക പിൻവലിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും തുക പിൻവലിച്ചിട്ടില്ല. എന്നാൽ കൃത്യമായ അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്ക് എത്തിയതെനന്നാണ് പോലീസ് വിശദീകരിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണ്.