വെെക്കം താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിന് മുന്നിൽ സംഘർഷം

വൈക്കം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ രാത്രിയിൽ അരങ്ങേറിയ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെ പോലീസ് കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചെമ്മനത്തുകര സ്വദേശികളായ നാലുപേർക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കുമെതിരെ വൈക്കം പോലീസ് നടപടിയെടുത്തത്. സംഭവത്തിൽ ഒരു പുരുഷനെയും സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ ചെമ്മനത്തുകരയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് ആശുപത്രിയിലെ സംഘർഷത്തിൽ കലാശിച്ചത്. ആദ്യം പരിക്കേറ്റ 80 വയസ്സുകാരൻ ചികിത്സ തേടി ആശുപത്രിയിലെത്തി. തൊട്ടുപിന്നാലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന എട്ടുപേർ കൂടി ചികിത്സയ്ക്കായി എത്തിയതോടെ ഒപ്പമുണ്ടായിരുന്ന പുരുഷന്മാരും യുവാക്കളും ചേർന്ന് ആശുപത്രി പരിസരത്ത് വെച്ച് ഏറ്റുമുട്ടുകയായിരുന്നു. രാത്രി 11:30 ഓടെയായിരുന്നു അത്യാഹിത വിഭാഗത്തിന് മുന്നിലെ ഈ സംഘർഷം.
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായും 2,800 രൂപയുടെ പൊതുമുതൽ നശിപ്പിച്ചതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഘർഷം നിയന്ത്രിക്കാൻ പോലീസ് എത്തിയതോടെയാണ് അക്രമികൾ പിരിഞ്ഞുപോയത്.



