വൃക്കരോഗം പിതാവിന്റെ ജീവനെടുത്തു.. പിന്നാലെ കൂട്ട ആത്മഹത്യയിൽ അമ്മയും ചേച്ചിയും മരിച്ചു, ഒടുവിൽ എൽകെജി വിദ്യാർത്ഥി അക്ഷയ്‌യും…

ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത ദുരന്തത്തിനൊടുവിലായി, കൂട്ട ആത്മഹത്യശ്രമത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരനും മരണത്തിന് കീഴടങ്ങി. മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പരേതനായ പ്രദീപിൻ്റെയും ഷൈലജയുടെയും മകനായ അക്ഷയ് ആണ് ഇന്ന് രാവിലെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. വിഷം ഉള്ളിൽച്ചെന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്നു കുട്ടി.

ഭർത്താവായ പ്രദീപ് (സുന്ദരൻ-42) വൃക്കരോഗത്തെത്തുടർന്ന് സെപ്റ്റംബർ രണ്ടിന് മരിച്ചതിൻ്റെ വേദനയിലായിരുന്നു ഷൈലജ. പ്രദീപിൻ്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ഇരുപതാം ദിവസമാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. സെപ്റ്റംബർ 22-ന് ഷൈലജ തൻ്റെ രണ്ട് മക്കൾക്ക് ഐസ്ക്രീമിൽ വിഷം കലർത്തി നൽകുകയും സ്വയം കഴിക്കുകയും ചെയ്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഏഴ് വയസ്സുകാരിയായ മകൾ അണീമ വിഷം ഉള്ളിൽച്ചെന്ന് മണിക്കൂറുകൾക്കകം മരണപ്പെട്ടു. സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം ചികിത്സയിലിരിക്കെ അമ്മ ഷൈലജയും മരിച്ചു. ഒടുവിൽ, ഒരാഴ്ചയോളം മരണത്തോട് മല്ലടിച്ച ശേഷം ഇളയ മകൻ അക്ഷയും യാത്രയായി. ചേലക്കര സിജിഇഎം എൽ.പി. സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർഥിയായിരുന്നു അക്ഷയ്.

സെപ്റ്റംബർ 22 തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രദീപിൻ്റെ തറവാടായ ചാക്കപ്പൻപടിയിൽ നിന്നുമുള്ള മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ഷൈലജയും കുട്ടികളും മേപ്പാടത്തെ സ്വന്തം വീട്ടിലെത്തുന്നത്. തിങ്കളാഴ്ച ബന്ധുക്കൾ ഇവരുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച വൈകുന്നേരം വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നത് ബന്ധുക്കളിൽ സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനകത്ത് അവരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അണീമയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷൈലജയും അക്ഷയും മരണപ്പെടുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒരു പ്രശ്‌നത്തിനും ശാശ്വത പരിഹാരമല്ല. വിഷാദമോ ആത്മഹത്യാചിന്തകളോ അനുഭവിക്കുന്നുണ്ടെങ്കിൽ ഉടൻതന്നെ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ജീവിതം അതിജീവിക്കാനുള്ളതാണ്. സഹായത്തിനായി ‘ദിശ’ ഹെൽപ് ലൈനിൽ ബന്ധപ്പെടാം. Toll free helpline number: 1056, 0471-2552056)

Related Articles

Back to top button