പ്രതിഷേധത്തിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ സംഭവം… വീഴാതെ സഹായിച്ച ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ബാരിക്കേഡുകൾ ഉറപ്പിക്കാൻ ഉപയോഗിച്ച വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനെത്തുടർന്ന് പൊതുമുതൽ നശിപ്പിച്ചു എന്ന് കാട്ടി അഞ്ചോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഹരിപ്പാട് പോലീസ് കേസെടുത്തിരിക്കുന്നത്.
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തിൽ, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ 11:30 ഓടെ ജില്ലാ പ്രസിഡന്റ് പ്രവീണിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിനടുത്ത് നിന്നെത്തിയ പ്രവർത്തകരെ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് തടഞ്ഞത്.
മാർച്ചിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിലുള്ള ഉന്തും തള്ളലും നടന്നു. ഇതിനിടയിൽ, പോലീസ് ബാരിക്കേഡുകൾ കെട്ടി ഉറപ്പിക്കാനായി ഉപയോഗിച്ച, കാലപ്പഴക്കം ചെന്ന വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു താഴെ വീഴാൻ തുടങ്ങി. ഈ സമയത്ത്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇടപെട്ട് പോസ്റ്റ് ഒടിഞ്ഞുവീഴാതെ താങ്ങി നിർത്തി പോലീസിനെ സഹായിക്കുകയായിരുന്നു.


