തിരമാലകൾ വിഴുങ്ങിയത് അമ്പതിലേറെ കപ്പലുകളും വിമാനങ്ങളും, ഒടുവിൽ ബെർമുഡ ട്രയാംഗിളിന് പിന്നിലെ രഹസ്യം പുറത്ത്
നൂറ്റാണ്ടുകളായി, ലോകത്തെ ആകർഷിച്ച ഒരു നിഗൂഢതയാണ് ബർമുഡ ട്രയാംഗിൾ. ഫ്ലോറിഡ, ബർമുഡ, പ്യൂർട്ടോ റിക്കോ എന്നിവയ്ക്കിടയിലുള്ള ഈ സമുദ്രഭാഗത്ത് അമ്പതിലധികം കപ്പലുകളും ഇരുപതോളം വിമാനങ്ങളും അപ്രത്യക്ഷമായിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അന്യഗ്രഹജീവികൾ, പ്രേതങ്ങൾ, അമാനുഷിക ശക്തികൾ എന്നിവയെക്കുറിച്ചുള്ള അനേകം കഥകളാണ് ഈ പ്രദേശവുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. എന്നാൽ, ഈ ദുരൂഹതകൾക്ക് പിന്നിലെ യഥാർത്ഥ കാരണം പ്രകൃതി പ്രതിഭാസങ്ങളാണെന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ വെളിപ്പെടുത്തുന്നു.
ബർമുഡ ട്രയാംഗിളിന്റെ ദുരൂഹതയുടെ ആരംഭം ക്രിസ്റ്റഫർ കൊളംബസിന്റെ യാത്രാവിവരണങ്ങളിൽ നിന്നാണെന്ന് കരുതപ്പെടുന്നു. 1492-ൽ അദ്ദേഹം ഈ പ്രദേശത്ത് ‘വിചിത്രമായി നൃത്തം ചെയ്യുന്ന വിളക്കുകൾ’ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട്, വടക്കുനോക്കിയന്ത്രങ്ങൾ വഴിതെറ്റുന്നതായും പെട്ടെന്ന് കൊടുങ്കാറ്റുകൾ രൂപപ്പെടുന്നതായും നാവികർ റിപ്പോർട്ട് ചെയ്തു. ഈ സംഭവങ്ങൾ പ്രേതകഥകൾക്ക് വഴിതുറന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ബർമുഡ ട്രയാംഗിൾ ഹോളിവുഡ് സിനിമകളിലും പുസ്തകങ്ങളിലും നിറഞ്ഞു. പല കഥകളും അതിശയോക്തിപരമായിരുന്നെങ്കിലും, ഈ പ്രദേശത്തിന് ഒരു പ്രത്യേക ദുരൂഹത ഉണ്ടെന്ന ധാരണ ലോകമെമ്പാടും വേരുറപ്പിച്ചു. അതേസമയം, ഇവിടെ ധാരാളം അപകടങ്ങൾ സംഭവിച്ചിരുന്നുവെന്നത് സത്യമായിരുന്നു. 1945-ൽ പരിശീലനപ്പറക്കലിനിടെ അഞ്ച് നാവിക ബോംബർ വിമാനങ്ങളും അവയെ രക്ഷിക്കാൻ പോയ മറ്റൊരു വിമാനവും അപ്രത്യക്ഷമായ സംഭവം ഏറ്റവും പ്രസിദ്ധമായ ഒന്നാണ്.
വർഷങ്ങളുടെ പഠനങ്ങൾക്ക് ശേഷം, ഈ നിഗൂഢതയുടെ ചുരുളഴിച്ചിരിക്കുന്നത് ഡോ. സൈമൺ ബോക്‌സൽ എന്ന സമുദ്രശാസ്ത്രജ്ഞനാണ്. സതാംപ്ടൺ സർവകലാശാലയിലെ അദ്ദേഹത്തിന്റെ സംഘം നടത്തിയ പഠനങ്ങളിൽ, കപ്പലുകളുടെയും വിമാനങ്ങളുടെയും തിരോധാനത്തിന് പിന്നിൽ അമാനുഷിക ശക്തികളല്ല, മറിച്ച് പ്രകൃതിയുടെ ഒരു പ്രതിഭാസമാണെന്ന് കണ്ടെത്തി.
അപകടങ്ങൾക്ക് കാരണം ‘റോഗ് വേവ്സ്’ അഥവാ ഭീമാകാരമായ തിരമാലകളാണെന്ന് ഡോ. ബോക്‌സൽ വിശദീകരിക്കുന്നു. സാധാരണ തിരമാലകളിൽ നിന്ന് വ്യത്യസ്തമായി, കൊടുങ്കാറ്റുകൾ കൂട്ടിയിടിക്കുമ്പോൾ രൂപപ്പെടുന്ന ഈ തിരമാലകൾക്ക് നൂറ് അടി വരെ ഉയരം വയ്ക്കാൻ കഴിയും. ഇവയുടെ ശക്തിക്ക് ഒരു വലിയ കപ്പലിനെ പോലും രണ്ടായി പിളർത്തി നിമിഷങ്ങൾക്കകം കടലിനടിയിലേക്ക് വലിച്ചെറിയാൻ സാധിക്കും. 1918-ൽ അപ്രത്യക്ഷമായ യുഎസ്എസ് സൈക്ലോപ്സ് എന്ന കപ്പലിന്റെ തിരോധാനം ഇത്തരമൊരു തിരമാല മൂലമാണെന്ന് സിമുലേഷൻ പഠനങ്ങൾ തെളിയിക്കുന്നു.
റോഗ് വേവ്സ് വിമാനങ്ങൾക്കും ഭീഷണിയാണ്. ഈ ഭീമാകാരമായ ജലഭിത്തികൾ അന്തരീക്ഷത്തിൽ ശക്തമായ വായുപ്രവാഹങ്ങൾ സൃഷ്ടിക്കുന്നു, ഇത് വിമാനങ്ങൾക്ക് അപകടകരമായ പ്രക്ഷുബ്ധത (turbulance) ഉണ്ടാക്കുന്നു. താഴ്ന്ന ഉയരത്തിൽ പറക്കുന്ന വിമാനങ്ങൾക്കാണ് ഇത് കൂടുതൽ ഭീഷണിയാകുന്നത്. അപകടങ്ങൾ സംഭവിച്ച പല വിമാനങ്ങളും താഴ്ന്ന ഉയരത്തിൽ പറന്നവയായിരുന്നു.
കെട്ടുകഥകളും യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷം
ശാസ്ത്രീയ തെളിവുകൾ പുറത്തുവന്നിട്ടും, ബർമുഡ ട്രയാംഗിളിന്റെ ദുരൂഹത പലരുടെയും മനസ്സിൽ ഇപ്പോഴും സജീവമാണ്. ആളുകൾക്ക് അജ്ഞാതമായ കാര്യങ്ങളോടും അമാനുഷിക വിശദീകരണങ്ങളോടുമുള്ള താൽപ്പര്യമാണ് ഇതിന് പ്രധാന കാരണം. കഥകളും കെട്ടുകഥകളും വിനോദസഞ്ചാരമേഖലയെയും പുസ്തകവിപണിയെയും സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ, യാഥാർത്ഥ്യത്തെക്കാൾ ആളുകൾക്ക് ഇത്തരം അതിമാനുഷിക വിശദീകരണങ്ങളാണ് കൂടുതൽ ഇഷ്ടം.
എന്നാൽ, യാഥാർത്ഥ്യത്തെ മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് ശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു. വടക്കൻ അറ്റ്ലാന്റിക് സമുദ്രം ലോകത്തിലെ തന്നെ ഏറ്റവും കൊടുങ്കാറ്റുള്ളതും പ്രക്ഷുബ്ധമായതുമായ സമുദ്രമേഖലകളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് അപകടങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. ബർമുഡ ട്രയാംഗിൾ ഒരു അതിമാനുഷിക പ്രതിഭാസമല്ല, മറിച്ച് മനുഷ്യന് കടലിന്മേലുള്ള നിയന്ത്രണം എത്രമാത്രം പരിമിതമാണെന്നതിന്റെ ഒരു ഓർമ്മപ്പെടുത്തലാണെന്ന് ശാസ്ത്രലോകം പറയുന്നു.