ചക്ക ചാക്കിട്ട് പൊതിയാം, പക്ഷേ ആനയെ എന്തുചെയ്യും? സ്കൂൾ മുറ്റത്തെ ശില്പം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്നു

സ്കൂൾ കവാടത്തിൽ തുമ്പിക്കൈ ഉയർത്തി ചക്ക പറിക്കാൻ നിൽക്കുന്ന ആനയുടെ ശില്പം കാണാൻ നല്ല രസമാണ്, പക്ഷേ വോട്ടെടുപ്പ് അടുത്തതോടെ ഉദ്യോഗസ്ഥർക്ക് ഇത് വെറുമൊരു ശില്പമല്ല—’പെരുമാറ്റച്ചട്ട’ ലംഘനമാണ്! തൃശ്ശൂരിലെ അന്നമനടയിലുള്ള സ്കൂളിലെ ഈ കൗതുക ശില്പമാണ് വോട്ടിങ് ദിനത്തിൽ അധികാരികളുടെ സ്വസ്ഥത കെടുത്തുന്നത്. ബാലറ്റിൽ സ്ഥാനാർത്ഥികൾക്ക് ആനയും ചക്കയും ചിഹ്നങ്ങളായി ലഭിച്ചതാണ് വില്ലനായത്.

കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ മൂന്ന് ബൂത്തുകൾ പ്രവർത്തിക്കേണ്ട സ്‌കൂൾ കവാടത്തിലാണ് ഈ ചിഹ്നം തല ഉയർത്തിനിൽക്കുന്നത്. ഇതോടെ ഈ ആനയും ചക്കയും ആസ്വാദനത്തിനപ്പുറം വോട്ടുചെയ്യാനെത്തുന്ന വോട്ടർമാരെ ആകർഷിക്കുമോയെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരും ചിഹ്നം അനുവദിച്ചുകിട്ടിയ രണ്ടുപേർ ഒഴികെയുള്ളവരും. ഇതോടെ ഈ ആനയെയും ചക്കയെയും എങ്ങനെ ബൂത്തിലെത്തുന്നവരുടെ കണ്ണെത്താതെ ഒളിപ്പിക്കാനാവുമെന്ന ചിന്തയിലായി പോളിങ് ഓഫീസർമാരും.

ചക്ക വേണമെങ്കിൽ ചെറിയൊരു തുണിയിലോ സഞ്ചിയിലോ ആക്കി ഒളിപ്പിക്കാം. എന്നാൽ, ഏതാണ്ട് ഒരാനയുടെ വലുപ്പമുള്ള ആനയുടെ ശില്പം എങ്ങനെ ഒളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവർ. തിരഞ്ഞെടുപ്പ് ബാലറ്റിലുള്ള ചിഹ്നം നിശ്ചിതപരിധിക്കപ്പുറത്തേ പ്രദർശിപ്പിക്കാവൂവെന്നാണ് ചട്ടം. എന്നാൽ, ഈ ആനയും ചക്കയുമാകട്ടെ സ്‌കൂൾവളപ്പിലെ ഗേറ്റിൽത്തന്നെയാണ്.

നിയമപ്രകാരം വോട്ടുചെയ്യാനെത്തുന്നവരെ ആകർഷിക്കാത്ത നിലയിൽ ഈ ആനയും ചക്കയും ഒളിപ്പിച്ചേ മതിയാകൂ. അടുത്തകാലത്താണ് സ്‌കൂളിൽ സിമന്റ് ഉപയോഗിച്ച് ഈ ശില്പം നിർമിച്ചത്.

Related Articles

Back to top button