ആലപ്പുഴ ഡിഎംഒയുടെ സർക്കുലർ പുറത്ത്, ആരോഗ്യരംഗത്തെ തുടർവീഴ്ചകളിൽ സർക്കാർ പ്രതിരോധത്തിൽ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ അരങ്ങേറുന്ന തുടർച്ചയായ അനാസ്ഥകൾ സർക്കാരിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കുന്നു. സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാൻ പ്രതിപക്ഷം ഈ വീഴ്ചകൾ ആയുധമാക്കുകയാണ്. ഈ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് കാലമായതിനാൽ അതീവ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിഎംഒ ആരോഗ്യ കേന്ദ്രങ്ങൾക്ക് നൽകിയ സർക്കുലർ പുറത്തുവന്നത് പുതിയ വിവാദത്തിന് വഴിതുറന്നു.

സർക്കാരിന്റെ ആരോഗ്യ മാതൃകകളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നിരവധി സംഭവങ്ങളാണ് അടുത്ത കാലത്തുണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഭാഗം തകർന്ന് വീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീക്ക് ജീവൻ നഷ്ടമായ സംഭവം. ഹർഷിന എന്ന സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ ദുരനുഭവവും മാനന്തവാടിയിൽ സിസേറിയനിടെ വയറ്റിൽ തുണി വെച്ച് തുന്നിക്കെട്ടിയതും. പാലക്കാട്ട് ചികിത്സാ പിഴവ് മൂലം ഒൻപത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതും എസ്എടി ആശുപത്രിയിലെ അണുബാധയും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ മരിച്ച വേണു, ചികിത്സാ ഉപകരണങ്ങൾപോലും ആവശ്യത്തിനില്ലെന്ന് തുറന്ന് പറയേണ്ടി വന്ന ഡോ ഹാരിസിന്‍റെ അവസ്ഥയും അതുണ്ടാക്കിയ വിവാദവുമൊക്കെ ആരോഗ്യവകുപ്പിന്റെ വീഴ്ച്ചകളെ തുറന്നുകാട്ടി.
ക്രമക്കേടുകളുടെയും വീഴ്ചകളുടെയും ഒടുവിലത്തെ ഉദാഹരണമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അഞ്ചുവർഷം മുൻപ് ശസ്ത്രക്രിയക്കിടെ വയറിൽ കത്രിക കുടുങ്ങിയ സംഭവം മാറി.

യുഡിഎഫ് കാലത്തെ അഴിമതികൾ ചൂണ്ടിക്കാട്ടി സിപിഎം ‘ഇരുണ്ട കേരളം’ എന്ന പേരിൽ പ്രചാരണം തുടങ്ങിയപ്പോൾ, ആരോഗ്യമേഖലയിലെ ഈ ‘ഇരുണ്ട’ യാഥാർത്ഥ്യങ്ങൾ നിരത്തിയാണ് കോൺഗ്രസ് തിരിച്ചടിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ തകർച്ചയിലാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ഇതിനിടയിലാണ്, രാഷ്ട്രീയ തിരിച്ചടി ഭയന്ന് തെരഞ്ഞെടുപ്പ് തീരും വരെ പ്രത്യേക നിരീക്ഷണം വേണമെന്ന് ആലപ്പുഴ ഡിഎംഒ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതേ മാതൃകയിൽ മറ്റ് ജില്ലകളിലും സർക്കുലറുകൾ ഇറക്കാൻ നീക്കമുണ്ടെന്നാണ് സൂചന.

Related Articles

Back to top button