ക്ഷേത്രത്തിൽ ആഘോഷങ്ങൾക്ക് ഇനിമുതൽ ആനയുടെ കുറവ് വേണ്ട…10 ലക്ഷം രൂപ ചെലവിൽ യന്ത്ര ആനയെ സമർപ്പിച്ച് നടി…
ആഘോഷങ്ങൾക്ക് ആനയെ വാടകയ്‌ക്കെടുക്കേണ്ടെന്ന് ചിക്കമഗളൂരുവിലെ രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രം തീരുമാനിച്ചിരുന്നു. എന്നാൽ ക്ഷേത്രത്തിൽ ആഘോഷങ്ങൾക്കായി യന്ത്ര ആനയെ ബോളിവുഡ് നടി ശില്പാ ഷെട്ടി സമർപ്പിച്ചു. വീരഭദ്ര എന്നു പേരിട്ട യന്ത്ര ആനയ്ക്ക് മൂന്നുമീറ്റർ ഉയരവും 800 കിലോ തൂക്കവുമുണ്ട്. പത്തുലക്ഷം രൂപ ചെലവിൽ റബ്ബർ, ഫൈബർ, സ്റ്റീൽ തുടങ്ങിയവ ഉപയോഗിച്ചാണ് യന്ത്ര ആനയെ നിർമിച്ചിരിക്കുന്നത്. ജീവനുള്ള ആനയെപ്പോലെ ഇത് കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യും. കൂടാതെ വലിയ ചെവികൾ ആട്ടുകയും, തലയും തുമ്പിക്കൈയും വാലുമെല്ലാം ഇളക്കുകയും ചെയ്യും.
ശ്രീമദ് രംഭാപുരി വീരരുദ്രമുനി ജഗദ്ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് നടി ആനയെ സമർപ്പിച്ചത്. ഒപ്പം മംഗളവാദ്യാവതരണവുമുണ്ടായി. സമർപ്പണച്ചടങ്ങിൽ വനംവകുപ്പു മന്ത്രി ഈശ്വർ ഖാൻഡ്രെ, ഊർജവകുപ്പുമന്ത്രി കെ.ജെ. ജോർജ്, മഠാധിപതി രംഭാപുരി ജഗദ്ഗുരു എന്നിവർ സംബന്ധിച്ചു. ഇതോടെ ദക്ഷിണേന്ത്യയിലെ പത്ത് ക്ഷേത്രങ്ങളിൽ യന്ത്ര ആനകളായെന്ന് (People for the Ethical Treatment of Animals) ‘പെറ്റ’ അറിയിച്ചു. തൃശ്ശൂരിലെ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണക്ഷേത്രത്തിൽ നടി പാർവതി തിരുവോത്ത് യന്ത്ര ആനയെ സംഭാവന നൽകിയിരുന്നു. മൃഗസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന പെറ്റയും, ബെംഗളൂരുവിലെ സന്നദ്ധ സംഘടനയായ ക്യുപയുമാണ് (Compassion Unlimited Plus Action) യന്ത്രയാനയെ സമർപ്പിക്കാൻ വഴിയൊരുക്കിയത്.