വരുമാന സർട്ടിഫിക്കറ്റിൽ ഒരു പൂജ്യം അധികമായി; 74 വയസുകാരൻ്റെ വാർധക്യകാല പെൻഷൻ നിലച്ചു..
കണ്ടങ്കാളിയിലെ 74 വയസുകാരനായ തേളപ്രത്ത് പത്മനാഭന് കഴിഞ്ഞ 20 മാസമായി വാർധക്യകാല പെൻഷൻ ലഭിക്കുന്നില്ല. വരുമാന സർട്ടിഫിക്കറ്റിൽ വില്ലേജ് ഓഫീസർക്ക് സംഭവിച്ച ഒരൊറ്റ പിഴവാണ് ഈ ദുരിതത്തിന് കാരണം. പ്രതിമാസം 1600 രൂപ ലഭിച്ചിരുന്ന പെൻഷൻ, വരുമാന സർട്ടിഫിക്കറ്റിലെ ഒരു പൂജ്യം കാരണം നിലയ്ക്കുകയായിരുന്നു.
2022-ൽ പത്മനാഭന് പെൻഷൻ ലഭിച്ചുതുടങ്ങി. എന്നാൽ ഒരു വർഷത്തിനുശേഷം പെൻഷൻ ലഭിക്കുന്നത് നിന്നു. ഇത് സംബന്ധിച്ച് നഗരസഭയിൽ അന്വേഷിച്ചപ്പോൾ, വരുമാന സർട്ടിഫിക്കറ്റ് പുതുക്കി നൽകാൻ ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച പുതിയ സർട്ടിഫിക്കറ്റിൽ വരുമാനം 22,000 രൂപയ്ക്ക് പകരം 2,20,000 രൂപ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ പിഴവ് പത്മനാഭനും ശ്രദ്ധിച്ചിരുന്നില്ല.
പിന്നീട്, പെൻഷൻ ലഭിക്കാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ഈ പിഴവ് തിരിച്ചറിയുന്നത്. തുടർന്ന് വില്ലേജ് ഓഫീസർ 22,000 രൂപ രേഖപ്പെടുത്തിയ പുതിയ സർട്ടിഫിക്കറ്റ് നൽകുകയും, നഗരസഭയിലെ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. എന്നാൽ നഗരസഭ ഈ പുതിയ സർട്ടിഫിക്കറ്റ് അംഗീകരിക്കാതെ, വീണ്ടും അപേക്ഷ നൽകാൻ ആവശ്യപ്പെട്ടു.
മൂന്ന് മാസങ്ങൾക്ക് മുൻപ്, 19,500 രൂപയുടെ വരുമാനം രേഖപ്പെടുത്തിയ പുതിയ സർട്ടിഫിക്കറ്റ് സമർപ്പിച്ച് പത്മനാഭൻ വീണ്ടും അപേക്ഷ നൽകിയെങ്കിലും, ഇത്രയും നാളായിട്ടും അതിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല.
പത്ത് വർഷം മുൻപ് ഭാര്യ മരിച്ച പത്മനാഭൻ, മഴയിൽ വീട് തകർന്നതിനെ തുടർന്ന് സഹോദരിയുടെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. നിത്യജീവിതത്തിന് ഏറെ സഹായകമായിരുന്ന പെൻഷൻ തുക നിലച്ചതോടെ, മരുന്നുകൾ പോലും വാങ്ങാൻ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം പറയുന്നു.



