മലമ്പുഴയിൽ സ്ഥാനാർത്ഥിയാകാൻ താൽപര്യം പ്രകടിപ്പിച്ച് വി.എസിന്റെ മുൻ പി.എ എ.സുരേഷ്; പാണക്കാട്ടെത്തി തങ്ങളെ കണ്ടു

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മലമ്പുഴയിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ച് ചർച്ച നടത്തി.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ സന്നദ്ധത യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം മുന്നണിയാണ് എടുക്കേണ്ടതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
സുരേഷിന് മലമ്പുഴ മണ്ഡലവുമായി പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്നും അവിടത്തെ ജനങ്ങൾക്ക് സുരേഷിനെ നന്നായി അറിയാമെന്നും സുരേഷിന്റെ സാന്നിധ്യം മണ്ഡലത്തിലും സമീപ മണ്ഡലങ്ങളിലും പ്രതിഫലനങ്ങളുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
കൊടപ്പനക്കൽ തറവാട് കേരളത്തിലെ മതസൗഹാർദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരിടവും സാംസ്കാരിക കേന്ദ്രവുമാണെന്ന് എ. സുരേഷ് പറഞ്ഞു. ഇവിടെവന്ന് അനുഗ്രഹം വാങ്ങണമെന്ന് ഏറെനാളായി ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് അവസരം വന്നത്. പി.കെ. ഫിറോസും മഞ്ഞളാംകുഴി അലിയും ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് സുരേഷെത്തിയത്. അരമണിക്കൂറിൽ താഴെ സമയംമാത്രമാണ് സുരേഷ് പാണക്കാട്ട് ചെലവഴിച്ചത്.


