ടാറിങ് പൂർത്തിയായി, ‘പോസ്റ്റ് നടുറോഡിൽ!

കല്ലറ പഞ്ചായത്തിലൂടെ കടന്നുപോകുന്ന നന്ദിയോട്-മുതുവിള റോഡ്, ടാറിങ് പൂർത്തിയാക്കിയ രീതി കാരണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. റോഡിന്റെ കൃത്യം നടുവിലായി ഒരു വൈദ്യുതി പോസ്റ്റ് നിലനിർത്തിക്കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് ഈ ഭാഗത്ത് ടാറിങ് ജോലികൾ പൂർത്തിയാക്കിയത്. ഈ ‘നൂതന ടാറിങ് ശൈലി’ ജനശ്രദ്ധയാകർഷിച്ചതോടെ വിഷയത്തിൽ ഇടപെടാൻ ഒരുങ്ങുകയാണ് പഞ്ചായത്ത് ഭരണസമിതി. നിലവിലെ സാഹചര്യം അറിയിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് (കെഎസ്ഇബി) പരാതി നൽകാനാണ് തീരുമാനം.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് 13 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമാണം നടക്കുന്നത്. ഒരു കിലോമീറ്ററിന് 1.35 കോടി രൂപയാണ് നിർമാണച്ചെലവ്. നന്ദിയോട് മുതൽ പാലവള്ളി വരെയും പേരയം-വിശ്വപുരം-ചെല്ലഞ്ചി-പരപ്പിൽ-മുതുവിള വരെയുമുള്ള ഭാഗങ്ങളിലാണ് റോഡ് നിർമിക്കുന്നത്. റോഡുപണി അന്തിമഘട്ടത്തിലാണ്. ഇതിൽ, ചെല്ലഞ്ചി പാലം മുതൽ പരപ്പിൽ വരെയുള്ള റോഡിലാണ് വൈദ്യുതി പോസ്റ്റുകൾ മാറ്റാതെ ടാറിങ് നടത്തിയത്. റോഡിന് അഞ്ചര മീറ്റർ വീതിയാണ് അനുവദിച്ചിട്ടുള്ളത്.

എന്നാൽ, പോസ്റ്റുകൾ നിലനിൽക്കുന്ന ഭാഗങ്ങളിൽ റോഡിന് മൂന്നര മീറ്റർ വീതി പോലും ലഭ്യമല്ല. റോഡിന്റെ വലതുഭാഗം കുഴിയായതിനാൽ ഇവിടെ സംരക്ഷണ വേലിയോ മുന്നറിയിപ്പ് സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല. രാത്രികാലങ്ങളിൽ എത്തുന്ന വലിയ വാഹനങ്ങൾ പോസ്റ്റിൽ നിന്ന് പെട്ടെന്ന് ഒഴിഞ്ഞു മാറിയാൽ കുഴിയിലേക്ക് വീഴാനും വലിയ അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.

വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിർമാണ കമ്പനി നേരത്തെ കല്ലറ ഗ്രാമപ്പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ, പോസ്റ്റുകൾ മാറ്റേണ്ട ഉത്തരവാദിത്തം കമ്പനിക്കാണെന്ന് പറഞ്ഞ് പഞ്ചായത്ത് ഇതിൽ നിന്ന് ഒഴിഞ്ഞുമാറി. റോഡ് സുരക്ഷ സംബന്ധിച്ച് പഞ്ചായത്ത് അംഗങ്ങൾ അടക്കം ആശങ്ക പ്രകടിപ്പിച്ചതോടെയാണ്, നിലവിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി കെഎസ്ഇബിയെ സമീപിക്കാൻ പഞ്ചായത്ത് അധികൃതർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button