കണ്ടെയ്നറിൽ കുടുങ്ങി വല കീറി; രണ്ട് ലക്ഷത്തിന്റെ മത്സ്യവും 400 കിലോ വലയും നഷ്ടം: വാടയ്ക്കലിൽ തൊഴിലാളികൾ പ്രതിസന്ധിയിൽ

ആലപ്പുഴ: കടലിൽ വീണ കണ്ടെയ്നറുകളിൽ തട്ടി വള്ളത്തിന്റെ വല കീറി നശിക്കുന്നത് മത്സ്യത്തൊഴിലാളികൾക്ക് വൻ തിരിച്ചടിയാകുന്നു. വാടയ്ക്കൽ തീരത്ത് പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശി ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ‘ജീസസ്’ എന്ന വള്ളത്തിനാണ് ഏറ്റവും ഒടുവിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചത്.
ഏകദേശം 400 കിലോയോളം വരുന്ന വല പൂർണ്ണമായും നശിച്ചു. വലയിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന മത്സ്യവും കടലിൽ പോയി. 15-ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന വള്ളമാണിത്. ഉപജീവനമാർഗം തടസ്സപ്പെട്ടതോടെ ഇവർ പ്രതിസന്ധിയിലായി. സംഭവുമായി ബന്ധപ്പെട്ട് ഉടമ തീരദേശ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എം.എസ്.സി എൽസ എന്ന കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്നറുകളാണ് ഇപ്പോൾ വില്ലനാകുന്നത്. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ ‘അത്യുന്നതൻ’ എന്ന വള്ളത്തിന്റെ വലകൾ തോപ്പുംപടിക്ക് സമീപം കണ്ടെയ്നറിൽ ഉടക്കി നശിച്ചിരുന്നു.
ആഴക്കടലിൽ ചിതറിക്കിടക്കുന്ന കണ്ടെയ്നർ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തത് മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും നിരന്തരമായ ഭീഷണിയുയർത്തുകയാണ്.



