കൗതുകമുണർത്തി പഴയ പ്രചാരണ രീതി; ഫോട്ടോ പോലുമില്ലാത്ത 1937-ലെ തിരഞ്ഞെടുപ്പ് പോസ്റ്റർ

വർണ്ണാഭമായ ഡിജിറ്റൽ പ്രചാരണങ്ങളുടെ ഈ കാലത്ത്, 1937-ലെ ഒരു പഴയ തിരഞ്ഞെടുപ്പ് പോസ്റ്റർ ചരിത്രപരമായ കൗതുകമുണർത്തുന്നു. പറവൂർ-മൂവാറ്റുപുഴ-ദേവികുളം മണ്ഡലത്തിൽ തിരുവിതാംകൂർ ശ്രീചിത്ര സ്റ്റേറ്റ് കൗൺസിലിലേക്ക് മത്സരിച്ച അഡ്വ. എൻ.വി. ചാക്കോയുടെ അച്ചടിച്ച തിരഞ്ഞെടുപ്പ് പോസ്റ്ററാണ് ഇന്ന് ശ്രദ്ധേയമാകുന്നത്.
അന്ന്, നോട്ടീസുകളിലൂടെയുള്ള അഭ്യർത്ഥനയും ചിത്രം പോലുമില്ലാത്ത ലളിതമായ പോസ്റ്ററുകളും മാത്രമായിരുന്നു പ്രധാന പ്രചരണ മാധ്യമങ്ങൾ. എറണാകുളം ജില്ലയിലെ ആദ്യ ബിഎൽ ബിരുദധാരിയായ എൻ.വി. ചാക്കോ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
സ്വാതന്ത്ര്യസമര പോരാളിയായിരുന്ന അദ്ദേഹം മൂന്നുതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1939-ൽ 19 സ്റ്റേറ്റ് കോൺഗ്രസ് നിയമസഭാംഗങ്ങളെ അയോഗ്യരാക്കിയ കൂട്ടത്തിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. 1951 വരെ നിയമസഭാ സാമാജികനായിരുന്നു. സർ സി.പി. രാമസ്വാമി അയ്യരെ നിയമസഭയിൽ വെല്ലുവിളിച്ച നിർഭയനായ നേതാവായിരുന്നു അദ്ദേഹം. കേരളത്തിൽത്തന്നെ അച്ചടിച്ച ഈ പോസ്റ്റർ, പഴയകാല തിരഞ്ഞെടുപ്പ് രീതികളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ്.



