കരമനയിൽ പതിനാലുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം.. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നിർണ്ണായക സിസിടിവി ദൃശ്യം ലഭിച്ചു..

തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14 വയസ്സുകാരി ലക്ഷ്മിക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയെക്കുറിച്ച് മൂന്ന് ദിവസമായിട്ടും കൃത്യമായ വിവരങ്ങളൊന്നും ലഭിക്കാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. കരമന കരിമുകൾ സ്വദേശിയായ ലക്ഷ്മി സ്വയം വീട് വിട്ടിറങ്ങിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പെൺകുട്ടി അവിടെ എത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലൂടെ ലക്ഷ്മി നടന്നുപോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഇല്ലാത്തത് അന്വേഷണസംഘത്തിന് വലിയ തടസ്സമാകുന്നുണ്ട്. സ്റ്റേഷനിൽ നിന്ന് കുട്ടി ഏതെങ്കിലും ട്രെയിനിൽ കയറിയോ അതോ മറ്റെവിടെയെങ്കിലും പോയോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അയൽ സംസ്ഥാനങ്ങളിലെയും മറ്റ് ജില്ലകളിലെയും റെയിൽവേ സ്റ്റേഷനുകൾ വഴിയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ലക്ഷ്മിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ കരമന പോലീസിനെയോ കൺട്രോൾ റൂമിനെയോ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.




