അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിന്റെ വിരൽ അറ്റുപോയി… തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്

അഞ്ചുദിവസം മാത്രം പ്രായമുള്ള പെൺകുട്ടിയുടെ തള്ളവിരൽ അറ്റുപോയ സംഭവത്തിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തി. പന്നിത്തടം സ്വദേശികളായ ജിത്തു–ജിഷ്മ ദമ്പതികളുടെ കുഞ്ഞിനാണ് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലം വിരൽ നഷ്ടമായതെന്ന് പരാതി.
ബുധനാഴ്ച പുലർച്ചെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം നടന്നത്. വിഷയം തങ്ങളിൽ നിന്ന് മറച്ചുവയ്ക്കാൻ ആശുപത്രി ജീവനക്കാർ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.
ആന്റിബയോട്ടിക് ഇൻജക്ഷൻ നൽകുന്നതിനായി കുഞ്ഞിനെ എൻഐസിയുവിലേക്ക് കൊണ്ടുപോയ സമയത്ത് കൈയിലെ പ്ലാസ്റ്റർ ബ്ലേഡ് ഉപയോഗിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഈ സമയത്ത് അശ്രദ്ധ മൂലം കുഞ്ഞിന്റെ തള്ളവിരൽ മുറിയുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ആദ്യം ചെറിയ മുറിവ് മാത്രമാണുണ്ടായതെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. എന്നാൽ പിന്നീട് കുഞ്ഞിനെ നേരിട്ട് പരിശോധിച്ചപ്പോഴാണ് വിരൽ പൂർണമായി അറ്റുപോയ നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഗുരുതരമായ അപകടം സംഭവിച്ചിട്ടും ഡോക്ടറെ ഉടൻ വിവരം അറിയിക്കാൻ ജീവനക്കാർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. പുലർച്ചെ അഞ്ച് മണിയോടെ അപകടം സംഭവിച്ചിട്ടും രാവിലെ പത്ത് മണിവരെ ഡോക്ടറെ വിവരം അറിയിച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
ചികിത്സാപ്പിഴവാണ് അപകടകാരണമെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി മാനേജ്മെന്റ് അതിന് തയ്യാറായില്ലെന്നും പറയുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




